SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.52 PM IST

'വിജയാ'വേശമുണർത്തി കൊട്ടാരക്കര

Increase Font Size Decrease Font Size Print Page

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഇടത് മുന്നണി തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കുമെന്ന തരത്തിൽ ആവേശമുണർത്തുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിൽ വൈകിട്ട് നാല് മണിയോടെതന്നെ പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലി ഇരിപ്പിടങ്ങളിലുറപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരന്റ പ്രസംഗത്തിന് ശേഷം സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ പ്രസംഗിക്കവെയാണ് അഞ്ചരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കാർ ഗ്രൗണ്ടിന്റെ കവാടം കടന്ന് അകത്തേക്ക് വന്നത്. അപ്പോഴേക്കും പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. "കണ്ണേ കരളേ പിണറായി, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...ധീരതയോടെ നയിച്ചോളൂ..." വി.എസിന് വിളിച്ചിരുന്ന അതേ മുദ്രാവാക്യം പ്രവർത്തകർ ആവേശത്തോടെ പിണറായിക്കുവേണ്ടി വിളിച്ചു. വിളിച്ചുകൊടുത്തത് മറ്റുള്ളവർ ഏറ്റുവിളിച്ചതോടെ പൊട്ടിത്തുടങ്ങിയ മാലപ്പടക്കത്തിന്റെ ശബ്ദംകേൾക്കാത്തവിധം മുദ്രാവാക്യത്തിന്റെ മുഴക്കമേറി. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ജോർജ്ജ് മാത്യു മണ്ഡലത്തിന്റെ സ്നേഹോപഹാരം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പിന്നെയായിരുന്നു ഉദ്ഘാടന പ്രസംഗം.

 കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

പതിഞ്ഞ സ്വരത്തിൽ തുടങ്ങിയ അദ്ദേഹം ഓരോ വാക്കും വാചകവും കൃത്യവും വ്യക്തവുമാക്കി കത്തിക്കയറി. പ്രളയവും കൊവിഡുമടക്കമുള്ള ദുരിതങ്ങളും സഹായിക്കാൻ ബാദ്ധ്യതയുള്ള കേന്ദ്രത്തിന്റെ അവഗണനയും അക്കമിട്ട് നിരത്തി അദ്ദേഹം തുറന്നടിച്ചു. ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് വളരെക്കൂടുതൽ വളർന്നു, എന്നാൽ മതനിരപേക്ഷതയുടെ വിളനിലമായ കേരളം അവരെ സ്വീകരിക്കുന്നില്ല. അതിന്റെ വിദ്വേഷം പകയാക്കി കേരളത്തെ തകർക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാർ എടുക്കുന്നതെന്നും അതിനോട് ചേർന്ന് നിൽക്കുന്ന സമീപനമാണ് യു.ഡി.എഫ് എടുക്കുന്നതെന്നും പിണറായി പറഞ്ഞു.'ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രമാണ്' - അദ്ദേഹം പറഞ്ഞതും വലിയ സദസ് നിർത്താതെ കൈയ്യടിച്ചു. കെ.എൻ.ബാലഗോപാലിന്റെ ധനകാര്യ മന്ത്രിയെന്ന നിലയിലെ മികവുകൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞതോടെ കൈയ്യടി ശബ്ദത്തിന് കൂടുതൽ മുഴക്കമായി. അവസരവാദത്തിന്റെ മൂർത്തീകരണങ്ങളെ കൊണ്ടുവന്ന് എൽ.ഡി.എഫിനെ നേരിട്ട് കളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് പി.ഐഷാപോറ്റിയുടെ പേരെടുത്ത് പറയാതെ പിണറായി പറഞ്ഞു. പ്രസംഗം നിറുത്തി വേദിയിൽ നിന്നും അദ്ദേഹം ഇറങ്ങുമ്പോഴും മുദ്രാവാക്യം വിളികൾ വീണ്ടും ശക്തമായി ഉയർന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.