
കോട്ടയം: കേരളത്തിൽ വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നും സ്ത്രീകളാണ് കേരളത്തിന്റെ ഭാവിയെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കൈയടിച്ചില്ല. സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചു. വനിതാശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
ഇടതുസർക്കാർ റബറിന് 250 രൂപ അടിസ്ഥാനവില നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തെങ്കിലും നടപ്പാക്കിയില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗം 250 രൂപ അടിസ്ഥാന വിലയാക്കാൻ തീരുമാനിക്കും. തുടർന്ന് 300രൂപയായി ഉയർത്തും.
എഫ്.സി.ആർ.എ നിയമഭേദഗതി ആർ.എസ്.എസിന് വേണ്ടിയാണ് നടപ്പാക്കുന്നത്. ആർ.എസ്.എസിനും അദാനിക്കുംമാത്രം വിദേശ ഫണ്ട് സ്വീകരിക്കാനാണ് നിയമഭേദഗതി. കേരളത്തിലെ തൊഴിലുകൾ ആർ.എസ്.എസ്, എൽ.ഡി.എഫ് പ്രവർത്തകർക്കു വേണ്ടിമാത്രമാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അർഹരായ എല്ലാവർക്കും നൽകും. സ്നേഹമാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര. അതാണ് ശ്രീനാരായണ ഗുരുദേവൻ കാട്ടിതന്നിട്ടുള്ളതെന്നും പറഞ്ഞു.
ഉമ്മൻചാണ്ടിയെ ഓർത്തും
സൈക്കിൾ ചവിട്ടിയും രാഹുൽ
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി ബസ് സ്റ്റാൻഡ് കവലയിൽ എത്തിയ രാഹുൽഗാന്ധിയെ ആർപ്പുവിളികളോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. ചാണ്ടിഉമ്മനായി വോട്ടുതേടിയും രാഷ്ട്രീയ വിമർശനങ്ങളുയർത്തിയും രാഹുൽ ആവേശം വാനോളമുയർത്തി. ഒടുവിൽ ചാണ്ടിക്കൊപ്പം സൈക്കിൾ ചവിട്ടി സാധാരണക്കാരുടെ സ്നേഹം ഏറ്റുവാങ്ങി.
ഉമ്മൻചാണ്ടിയെ അനുസ്മരിച്ചായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഉറപ്പായും പ്രചാരണത്തിന് എത്തുമെന്ന് തീരുമാനിച്ചത് പുതുപ്പള്ളിയിലാണെന്ന് പറഞ്ഞ രാഹുൽ, അതിനുകാരണം അരനൂറ്റാണ്ടിലേറെ ജനപ്രതിനിധിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നും വ്യക്തമാക്കി. രോഗാവസ്ഥയിലും ഭാരത് ജോഡോ യാത്രയിൽ ഒപ്പംനടന്നതും നിർബന്ധിച്ച് ഉമ്മൻചാണ്ടിയെ മടക്കിയയച്ചതും ഓർത്തെടുത്തു.
തുടർന്ന് കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണയോഗത്തിലും ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴയിൽ നഴ്സുമാർ ഏറെയുള്ള പ്രദേശത്തെ യോഗത്തിലും പങ്കെടുത്തു. തന്റെ അമ്മ രോഗശയ്യയിൽ കിടക്കുമ്പോഴും തനിക്കിവിടെ വരാൻ കഴിഞ്ഞത് മലയാളി നഴ്സുമാർ അവിടെ പരിചരിക്കാനുണ്ടെന്ന ഉറപ്പാണെന്ന് രാഹുൽ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |