
ആലപ്പുഴ: അമ്പലപ്പുഴ കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജില്ലയാകെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കായംകുളം. തുടർച്ചയായ തോൽവിയുടെ പേരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവും രാഷ്ട്രീയ എതിരാളിയുടെ വാക്പോരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യു.പ്രതിഭയും കണ്ണീരണഞ്ഞതിന്റെ പേരിൽ ചർച്ചയായ മണ്ഡലം, തിരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത പോരാട്ടച്ചൂടിലാണ്. ആലപ്പുഴയിലെ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ പാർട്ടി വിട്ടതുൾപ്പെടെ ഇരുകക്ഷികൾക്കും അനുകൂലവും പ്രതികൂലവുമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ വിധിയെഴുത്ത് ആർക്ക് അനുകൂലമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ, വരുംദിവസങ്ങളിൽ മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചരണവും മുഖ്യമന്ത്രിയും പ്രതിപക്ഷ കക്ഷി നേതാക്കളും മൂന്നുമുന്നണികളുടെയും ദേശീയ - സംസ്ഥാന നേതാക്കളുടെ കടന്നുവരവും വോട്ടർമാരുടെ മനസിളക്കുമെന്ന് ഉറപ്പാണ്.
എൽ.ഡി.എഫ്
# സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം തന്നെ പൂർത്തിയാക്കിയതിനാൽ പ്രചരണത്തിൽ ഇടതുസ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ യു.പ്രതിഭയ്ക്കാണ് മേൽക്കൈ.
#അനാവശ്യവിവാദങ്ങളെയൊക്കെ അവഗണിച്ച് ഭരണ തുടർച്ചയും വികസന മുന്നേറ്റവും ലക്ഷ്യമാക്കി വോട്ടർമാരുടെ മനസ് കീഴടക്കുന്ന പ്രചരണ തന്ത്രത്തിലൂടെ മുന്നേറുന്ന പ്രതിഭ, ഹാട്രിക് പോരാട്ടത്തിലും കായംകുളത്ത് ചെങ്കൊടിപാറിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
#തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതിനാൽ വോട്ടർമാരെ ഇതിനോടകം പലകുറി നേരിൽ കാണാൻ കഴിഞ്ഞതും അവർ തന്നിലർപ്പിക്കുന്ന വിശ്വാസവുമാണ് പ്രതിഭയുടെ പ്രതീക്ഷ.
യു.ഡി.എഫ്
#കായംകുളത്തുൾപ്പെടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടർച്ചയായുണ്ടായ പരാജയവും അതിന്റെ പേരിൽ കേൾക്കേണ്ടിവന്ന പരിഹാസങ്ങളും ഇത്തവണ തനിക്ക് അനുകൂലമാണെന്ന നിലപാടിലാണ് എം.ലിജു.
# കെ.പി.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരുമായുള്ള സൗഹൃദവും അടുപ്പവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വോട്ട് ഷെയറിലുണ്ടായ വർദ്ധനയും അനുകൂല ഘടകങ്ങളായി കരുതുന്നു
# പത്തുവർഷത്തെ ഇടതു സർക്കാരിനോടും കായംകുളത്തെ വികസന മുരടിപ്പിനോടുമുള്ള പ്രതികാരവും ദേശീയപാത വികസനമുൾപ്പെടെയുള്ള കാര്യങ്ങളിൽ കായംകുളം നേരിട്ട അവഗണനയും തനിക്ക് പ്ളസ് പോയിന്റാകുമെന്ന് കണക്കുകൂട്ടുന്നു
എൻ.ഡി.എ
# ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ട് ഷെയറിലുണ്ടായ വലിയ വർദ്ധനയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി തമ്പിമേട്ടുതറയുടെ പ്രതീക്ഷ.
# ലോക്സഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ശോഭ സുരേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരത്തിനെത്തുമെന്ന പ്രതീക്ഷയിൽ സംഘടനാ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്യും
# ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസിന് ലഭിച്ച സ്ഥാനാർത്ഥിത്വവും നാട്ടകാരനെന്ന നിലയിൽ തനിക്ക് അനുകൂലമാകുമെന്ന് തമ്പിമേട്ടുതറ കരുതുന്നു
പോളിംഗ്
2021
യു.പ്രതിഭ ..............77,348
അരിത ബാബു ........71,050
പ്രദീപ് ലാൽ ..............11,413
2016
യു.പ്രതിഭ .................... 72,956
എം. ലിജു........................61,099
ഷാജി എം.പണിക്കർ....20,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |