
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര സുരക്ഷ മുന്നിൽ കണ്ട് നിർണായക പ്രതിരോധ തയ്യാറെടുപ്പിന് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ വിഷയം ചർച്ച ചെയ്‌ത കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതിയിലാണിത്. വ്യോമ പ്രതിരോധവും ഡ്രോൺ പ്രതിരോധവും ശക്തമാക്കും.
ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം പുതിയ വെല്ലുവിളികളെ തുറന്നു കാട്ടുന്നതായി യോഗം വിലയിരുത്തി. ആഭ്യന്തര സുരക്ഷയ്‌ക്കായി തയ്യാറാക്കിയ അയേൺ ഡോമിനെ തകർത്ത് ഇസ്രയേലിനുള്ളിൽ അക്രമിക്കാൻ ഇറാന് കഴിഞ്ഞത് പുതിയ വെല്ലുവിളിയാണ്. ഇസ്രയേൽ മാതൃകയിൽ അഭ്യന്തര പ്രതിരോധ സുരക്ഷാ സംവിധാനം ഏർപ്പെടുത്താനുള്ള നടപടിയിലാണ് ഇന്ത്യ. ഭീഷണികൾ നേരിടാൻ അത്യാധുനിക ആയുധങ്ങൾ സജ്ജമാക്കേണ്ടതുണ്ടെന്നാണ് യോഗം തീരുമാനം. ഇതിനുള്ള അനുമതികൾ വരും ദിവസങ്ങളിലുണ്ടാകാം.
ആഗോള അനിശ്ചിതത്വവും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും മുതലാക്കി രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കങ്ങളും യോഗം വിലയിരുത്തി. മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരുന്നു.
സുരക്ഷയ‌്‌ക്കായുള്ള മന്ത്രിതല സമിതി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർക്കൊപ്പം പങ്കെടുത്ത ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |