SignIn
Kerala Kaumudi Online
Saturday, 25 April 2026 8.54 AM IST

മറ്റ് ജീവികളെ ആക്രമിക്കുന്നത് പോലെയല്ല മനുഷ്യനെ പാമ്പ് കടിക്കുന്നത്; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍

Increase Font Size Decrease Font Size Print Page
snake

പാമ്പുകളെ മനുഷ്യന്‍ വളരെ അധികം ഭയപ്പെടാനുള്ള കാരണം അവയുടെ കടിയേറ്റാല്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള അപകടം തന്നെയാണ്. ജീവന്‍ പോലും നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങളാണ് നമ്മുടെ നാട്ടില്‍ പാമ്പുകടിയേല്‍ക്കുന്നതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തകാലത്തായി കേരളത്തിലെ കണക്ക് പരിശോധിച്ചാല്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. ജനവാസ മേഖലകളില്‍ ഇവയുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതാണ് ഉയര്‍ന്ന മരണനിരക്കിന്റെ കാരണം.


എന്നാല്‍ പാമ്പുകടിയെ സംബന്ധിച്ച് നിരവധി തെറ്റായ കാര്യങ്ങളും ചിന്തകളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നത്. പാമ്പിന്റെ കടിയേറ്റാല്‍ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായിട്ടുള്ള ചില കാര്യങ്ങള്‍ ആരോഗ്യ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയ അടിത്തറയുള്ളവയാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.


നമ്മുടെ നാട്ടില്‍ നിരവധി പാമ്പുകളെ കാണാന്‍ കഴിയുമെങ്കിലും ഇവയില്‍ മൂന്നോ നാലോ ഇനം മാത്രമാണ് കൊടും വിഷമുള്ളവ. ബാക്കിയുള്ള ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ഒരു പാമ്പിന്റെ കടിയേറ്റാല്‍ അതിപ്പോള്‍ വിഷപ്പാമ്പ് ആണെങ്കില്‍പ്പോലും മരണം സംഭവിക്കണമെന്നോ വിഷം ശരീരത്തിലേക്ക് പ്രവേശിക്കണമെന്നോ നിര്‍ബന്ധമില്ല. മറ്റ് ജീവികളെ ആക്രമിക്കുന്നത് പോലെയല്ല പാമ്പുകള്‍ മനുഷ്യരെ ആക്രമിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം.


എലികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവികളെ കടിക്കുമ്പോള്‍ അതിനെ ഒരു ഇരയായും തന്റെ ഭക്ഷണമായും പാമ്പുകള്‍ കാണുന്നു. എന്നാല്‍ മനുഷ്യനെ അങ്ങനെയല്ല. മൂര്‍ഖന്‍ ഇനത്തില്‍ ഉള്ളവയൊക്കെ മനുഷ്യ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ ആ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പലപ്പോഴും ഇവ മനുഷ്യരെ കടിക്കുന്നത്. അപ്പോഴം വിഷം കുത്തിവയ്ക്കാതെയുള്ള ഡ്രൈബൈറ്റ് എന്ന സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ തന്റെ ഇരയെ പിടികൂടിയതിന് ശേഷമാകാം ഒരു മനുഷ്യനെ കടിക്കുന്നതിനുള്ള സാഹചര്യമുണ്ടായത്. ഈ സമയം അവ വിഷം കുത്തിവയ്ക്കില്ല.


പാമ്പ് കടിക്കുമ്പോള്‍ അനാവശ്യമായി പേടിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കടിച്ചത് വിഷമുള്ള പാമ്പാണെങ്കിലും അനാവശ്യമായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാല്‍ അത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ വിഷം ഹൃദയത്തിലേക്കും തലച്ചോറിലേക്കും വേഗത്തില്‍ പ്രവേശിക്കുന്നതിനും കാരണമാകുകയും ഇത് മരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൈയിലോ കാലിലോ ആണ് പാമ്പ് കടിച്ചതെങ്കില്‍ ആ ഭാഗം പരമാവധി ചലിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.


പലപ്പോഴും മുറിവേറ്റ ഭാഗത്ത് തുണി മുറുക്കി കെട്ടി വയ്ക്കുക, അവിടെ മുറിക്കുക പോലുള്ളവ തെറ്റായ പ്രവണതയാണ്. അണലി പോലുള്ള പാമ്പുകള്‍ കടിക്കുന്ന സ്ഥലത്ത് മുറുക്കി കെട്ടി വയ്ച്ചാല്‍ അവിടെ വിഷം തങ്ങി നില്‍ക്കുകയും പിന്നീട് ആ ഭാഗം മുറിച്ച് മാറ്റേണ്ടതായി പോലും വരികയും ചെയ്യും. അതുകൊണ്ട് തന്നെ ഏത് പാമ്പാണ് കടിച്ചത് എന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അത് കൂടി മനസ്സിലാക്കിയ ശേഷം എത്രയും വേഗം ആശുപത്രികളില്‍ ചികിത്സ തേടുക എന്നതാണ് പ്രധാനമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

TAGS: SNAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.