തിരുവനന്തപുരം: പാചകവാത പ്രതിസന്ധി അതിജീവിക്കാർ ഹോട്ടലുകൾക്ക് ആശ്രയമായി ബുള്ളറ്റ് അടുപ്പ്. വിറകിനൊപ്പം വൈദ്യുതിയുമുപയോഗിച്ചാണ് പ്രവർത്തനം. സിലിണ്ടർ മാതൃകയിൽ ഇരുമ്പിൽ വെൽഡ് ചെയ്‌താണ് അടുപ്പൊരുക്കുന്നത്. പുറത്ത് നിന്ന് അകത്തേക്ക് ഘടിപ്പിച്ചിരിക്കുന്ന ബ്ലോവർ ഫാൻ അടുപ്പിന്റെ നാലുദിശയിൽ നിന്നും തീ ആളിക്കത്തിക്കും. മൊബൈൽ ചാർജറിന് സമാനമായ അഡാപ്ടറാണ് ബ്ലോവർ ഫാൻ കറക്കാൻ ഉപയോഗിക്കുന്നത്. ഫാനിന്റെ പ്രവർത്തനത്തിന് കുറച്ച് വൈദ്യുതി മതി. വിറക് പൂർണമായി കത്തി ചാരമാകുമെന്നതിനാൽ കരിയും പുകയുമില്ല.
വീടുകൾക്കുള്ള അഞ്ച് കിലോ മുതൽ വൻകിടകാർക്കുള്ള 100 കിലോ വരെ സാധനം പാകം ചെയ്യാനുള്ള അടുപ്പുകളുണ്ട്. അഞ്ച് കിലോ അടുപ്പിന് 12,000രൂപയാണ് വില. ഹോട്ടലുകൾക്കുള്ള 15 മുതൽ 30 കിലോ വരെയുള്ളവയ്ക്ക് 17,000 രൂപവരെയാകും.
അടുപ്പിന്റെ കീഴിൽ വിറകോ ചിരട്ടയോ ചെറിയ കഷ്ണങ്ങളാക്കിയിട്ട് അടയ്ക്കാം. തീകൊളുത്തിയ ശേഷം ഫാനിന്റെ സ്വിച്ചിട്ടാൽ സുഗമായി കത്തും. അഞ്ച് കിലോയുടെ ചെറിയ അടുപ്പിൽ അരക്കിലോ വിറക് ഒരുസമയം നിറയ്ക്കാം. ഇത് മുക്കാൽ മണിക്കൂർ കത്തും. പ്രഷർ കുക്കർ ഉൾപ്പെടെയുള്ള എല്ലാ പാത്രങ്ങളും ഉപയോഗിക്കാം.
കേരളത്തിലെ സ്റ്റാർ ഹോട്ടലുകളിലെ അടുക്കളകളിലും മുൻനിര വെജിറ്റേറിയൻ ഹോട്ടലുകളിലും ബുള്ളറ്റ് അടുപ്പ് എത്തിക്കഴിഞ്ഞു. 28 വർഷമായി നാഗർകോവിൽ കോട്ടാർ ഇടലക്കുടിയിലുള്ള ശ്രീ ജ്യോതി മോഡേൺ കിച്ചൺ എക്യുപ്‌മെന്റ്സിലാണ് ആവശ്യക്കാർ ഏറെയുമെത്തുന്നത്.
അടുപ്പിനായി വെയിറ്റിംഗ് ലിസ്റ്റ്
ബുള്ളറ്റ് അടുപ്പിന് നിലവിൽ 160 പേർ വെയിറ്റിംഗ് ലിസ്റ്റിലാണ്.
കേരളത്തിൽ നിന്ന് വാഹനവുമായി ഇടലക്കുടിലെത്തി ഓഡർ നൽകും.
സമീപത്തെ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കും
അടുപ്പുമായി മടങ്ങാൻ അഞ്ചു ദിവസം വരെയെടുക്കും
ആവശ്യക്കാർ കൂടുതലും കേരളത്തിൽ നിന്നാണ്. നിരവധി പേർ ഓഡർ നൽകിയിട്ടുണ്ട്. രാത്രിയും പകലുമില്ലാതെയാണ് നിർമ്മാണം.
-ശിവ
ഉടമ,ശ്രീ ജ്യോതി മോഡേൺ കിച്ചൺ എക്യുപ്‌മെന്റ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |