
ശംഖുംമുഖം: മട്ടൻ വില കുത്തനെ ഉയർന്നു.നാടൻ ആടിന്റെ ഇറച്ചിക്കാണ് കിലോക്ക് 200 രൂപ ഒറ്റയടിക്ക് കൂടിയത്.കിലോക്ക് 1000രൂപ വില ഉണ്ടായിരുന്ന ഇറച്ചിക്ക് പെരുനാൾ ദിനത്തോടെ 1200 രൂപയാക്കി കച്ചവടക്കാർ ഉയർത്തി.നാടൻ ആടുകൾ കിട്ടാനുള്ള ക്ഷാമമാണ് വില പെട്ടന്ന് ഉയരാൻ കാരണം.മാർക്കറ്റുകളിൽ നാടൻ ആടുകളുടെ വരവ് കുറഞ്ഞതോടെ വീടുകളിൽ ആട് വളർത്തുന്നവരും വിലകൂട്ടി.നാടൻ ആടുകളിൽ പെൺ ആടിനും ആൺ ആടിനും ഇറച്ചികടക്കാർ വ്യത്യസ്ഥ വിലയാണ് ഈടാക്കുന്നതെങ്കിലും കശാപ്പ് ചെയ്ത് കഴിഞ്ഞാൽ ഇതിന് എല്ലാം ഒറ്റവിലയാണ് .
വർഷങ്ങളായി നാടൻ ആടുകളെ മാത്രം കശാപ്പ് ചെയ്ത് വില്പന നടത്തുന്ന ചില ഹോട്ടലുകാർ കിലോക്ക് 100 രൂപ കൂട്ടിയപ്പോൾ സാധാരണ കച്ചവടക്കാർ 200 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.കോഴിയുടെ വിലപോലെ ഇടക്കിടെ കുറയുകയും കൂടുകയും ചെയ്യുന്ന രീതി ഇല്ലാത്തതിനാൽ മട്ടൺ വില ഒരുതവണ കൂടിയാൽ പിന്നിട് താഴെക്ക് ഇറങ്ങാത്ത അവസ്ഥയാണ്.
നാടൻ ആടുകൾക്ക് വില ഉയർന്ന സാഹചര്യം മുതലാക്കി അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ആടുകളുടെ ഇറച്ചിക്കും കച്ചവടക്കാർ പെട്ടന്ന് വില വർദ്ധിപ്പിച്ചു.600 മുതൽ 700 രൂപ നിരക്കിൽ വില്പന നടത്തികൊണ്ടിരുന്ന ഇത്തരം ഇറച്ചിക്ക് ഇപ്പോൾ 800 മുതൽ 900 വരെയാണ് വില.ഇത്തരം ആടുകളുടെ ഇറച്ചികൾക്ക് സ്വാദ് കുറവാണ്.എന്നാൽ സാധാരണക്കാർക്ക് പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിയില്ല.രാജസ്ഥാൻ പോലുളള സംസ്ഥാനങ്ങളിൽ നിന്നും ലോഡ് കണക്കിന് ഇത്തരം ആടുകളാണ് പ്രതിദിനം വിവിധ കച്ചവട കേന്ദ്രങ്ങളിലും ഫാമുകളിലും എത്തുന്നത്.നാടൻ ആടുകൾക്ക് വില കൂടിയതോടെ കാറ്ററിംങ് നടത്തുന്നവരും പല ഹോട്ടലുകാരും ഇത്തരം ആടുകളെയാണ് നാടൻ ആടുകൾ എന്ന പേരിൽ കശാപ്പ് ചെയ്ത് വിളമ്പുന്നത്.മട്ടനൊപ്പം ബീഫിനും പോത്തിനും കിലോക്ക് 50 രൂപ വീതം കൂടിയിട്ടുണ്ട്.
ചിക്കൻ വില കുറഞ്ഞു
പാചകവാതക ക്ഷാമം കാരണം പലഹോട്ടലുകളും അടച്ചിട്ടതോടെ മൊത്ത വിതരണക്കാർ കോഴിയുടെ വില കുറച്ചു.175 രൂപ കിലോക്ക് ഉണ്ടായിരുന്ന കോഴിക്ക് ഇപ്പോൾ 125 രൂപയായി.ചൂട് കൂടിയതോടെ അധിക ദിവസം കോഴികളെ ഫാമുകളിൽ നിർത്താൻ പറ്റില്ലെന്ന് വന്നതോടെയാണ് വിലകുറച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് മൊത്തവിതരണക്കാർ വിപണിയിൽ വിലക്കൂട്ടി നിർത്തിയിരുന്നത്.നാടൻ കോഴി കിട്ടാത്തതിനാൽ ഗിരിരാജൻകോഴികളെയാണ് നാടൻകോഴികൾ എന്ന പേരിൽ വില്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |