SignIn
Kerala Kaumudi Online
Friday, 03 April 2026 6.38 AM IST

ട്രംപിന് പ്രതീക്ഷിക്കാത്ത തിരിച്ചടി; ശരിക്കും പണികൊടുത്തത് തിമിംഗലങ്ങൾ

Increase Font Size Decrease Font Size Print Page
donald-trump

വാഷിംഗ്‌ടൺ: എണ്ണശേഖരമുള്ള രാജ്യങ്ങളിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണ്ണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ഇറാനിലെ എണ്ണ കൈക്കലാക്കുമെന്നും കഴിഞ്ഞദിവസം ട്രംപ് സൂചന നൽകിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതിനുശേഷം എണ്ണ അടക്കം അവിടുത്തെ വിഭവങ്ങളുടെ താത്കാലിക നിയന്ത്രണം തങ്ങൾക്കാണെന്ന് ട്രംപ് അവകാശമുന്നയിക്കുകയും ചെയ്തു.

കൂടാതെ ഇറാനുശേഷം തന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരായ യുദ്ധത്തിനുപിന്നാലെ കരീബിയൻ ദ്വീപായ ക്യൂബയിൽ യുഎസ് ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്നാണ് യുഎസ് ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയത്. അടുത്തതായി മെക്സിക്കൻ ഉൾക്കടലിൽ (ഗൾഫ് ഓഫ് മെക്‌സിക്കോ) എണ്ണ, വാതക ഖനനം വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. യുഎസ്, മെക്സിക്കോ, ക്യൂബ എന്നിവയുമായി അതിർത്തി പങ്കിടുന്ന വലിയ സമുദ്രതടമാണ് മെക്‌സിക്കൻ ഉൾക്കടൽ.


വൻതോതിലുള്ള എണ്ണ ശേഖരമാണ് മെക്‌സിക്കൻ ഉൾക്കടലിലുള്ളത്. 1947നും 2017നും ഇടയിൽ 52 ബില്യൺ ബാരൽ എണ്ണയാണ് ഇവിടെനിന്ന് ഉത്പാദിപ്പിച്ചത്. അമേരിക്കൻ ഊർജ്ജ വിതരണത്തിന്റെ പ്രധാന ഉറവിടമായും ഇത് പ്രവർത്തിക്കുന്നു.

ഏകദേശം 1.8–1.9 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് യുഎസ് ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നത്. ഇത് മൊത്തം യുഎസ് ക്രൂഡ് ഉൽപാദനത്തിന്റെ 15 ശതമാനമാണ്. ഈ മേഖലയിൽ ഏഴ് ബില്യൺ ബാരലിലധികം എണ്ണയ്ക്ക് തുല്യമായ കരുതൽ ശേഖരമുണ്ട്. ഇതിന്റെ 80 ശതമാനത്തിലധികവും ആഴക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.

എന്നാൽ മെക്‌സിക്കൻ ഉൾക്കടലിൽ എണ്ണ, വാതക ഖനനം വികസിപ്പിക്കാനുള്ള ട്രംപിന്റെ മോഹങ്ങൾക്ക് തടസം നിൽക്കുന്നത് കുറച്ച് തിമിംഗലങ്ങളാണ്. മെക്‌സിക്കൻ ഉൾക്കടലിൽ മാത്രം കാണപ്പെടുന്ന ലോകത്തിലെ അപൂ‌ർവയിനം തിമിംഗലങ്ങളായ റൈസ്‌ തിമിംഗലങ്ങളാണ് (ഗൾഫ് ഓഫ് മെക്‌സിക്കോ തിമിംഗലം) ആ പോരാളികൾ. ഖനനം വംശനാശഭീഷണി നേരിടുന്ന ഭീമൻ സസ്തനിയെ വംശനാശത്തിലേക്ക് തള്ളിവിടുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.

മെക്സിക്കൻ ഉൾക്കടലിൽ വർഷം മുഴുവനും ജീവിക്കുന്ന ഒരേയൊരു തിമിംഗല ഇനമാണിത്. 50ൽ താഴെ മാത്രമാണ് തിമിംഗലങ്ങൾ ഇവിടെ അവശേഷിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2021ൽ ഒരു പ്രത്യേക ഇനമായി അംഗീകരിക്കപ്പെട്ട റൈസ് തിമിംഗലം ഗൾഫിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇടുങ്ങിയ പ്രദേശത്ത് 100 മുതൽ 400 മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിലാണ് കാണപ്പെടുന്നത്.

പകൽ സമയത്ത് ഭക്ഷണത്തിനായി കൊഴുപ്പുള്ള മത്സ്യങ്ങളെ തേടി താഴ്‌ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്ന ഇവർ രാത്രിയിൽ ഉപരിതലത്തോട് ചേർന്ന് വിശ്രമിക്കുന്നു. പ്രത്യേക തരം ഭക്ഷണം മാത്രം കഴിക്കുന്നതിനാൽ ഇതുതേടി തിമിംഗങ്ങൾ ആഴങ്ങളിൽ മുങ്ങുന്നു. ഉൾക്കടലിലെ കൂടുതൽ ഖനനവും മറ്റ് മാറ്റങ്ങളും ഇവയുടെ ഇരതേടലിനെ ബാധിക്കാനിടയുണ്ട്. രാത്രിയിൽ കപ്പലുകളുമായി കൂട്ടിയിടിച്ചാൽ അവയ്ക്ക് അപകടസാദ്ധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തിമിംഗലങ്ങളുടെ തീറ്റ തേടൽ സ്വഭാവത്തെയും ശബ്ദം തടസപ്പെടുത്താം. എണ്ണ, വാതകം ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ആഗോളതാപനം വർദ്ധിക്കുന്നത് അവയുടെ ഇര മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഖനനം വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം റൈസ് തിമിംഗലങ്ങളുടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

ഇറാൻ യുദ്ധം ഊർജ്ജ വില കുത്തനെ ഉയർത്തിയതോടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ്. ഈ നിയമപ്രകാരം സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ജീവികളെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ നിയമവിരുദ്ധമാണ്. റൈസ് തിമിംഗലങ്ങളെക്കുറിച്ചാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശമുള്ളത്.

വംശനാശത്തിലേക്ക് നയിച്ചേക്കാവുന്ന പദ്ധതികളെ ഫെഡറൽ വന്യജീവി നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം നൽകുന്ന "ഗോഡ് സ്ക്വാഡ്" എന്ന് വിളിപ്പേരുള്ള ഒരു ഉന്നതതല ഫെഡറൽ പാനലായ കമ്മിറ്റിയെ യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം സമീപിച്ചിരിക്കുകയാണ്. തിമിംഗലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് നിർണായകമായ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 1.27 ബില്യൺ ഏക്കർ യുഎസ് ഫെഡറൽ ജലാശയങ്ങൾ ഓഫ്‌ഷോർ ഡ്രില്ലിംഗിനായി തുറന്നുകൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ ആവശ്യമുന്നയിച്ചുള്ള ഇമെയിലിന് വകുപ്പ് മറുപടി നൽകിയിട്ടില്ല.

TAGS: DONALD TRUMP, RICE WHALE, GULF OF MEXICO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.