
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുയൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. യുവനടി ഫെഫ്‌കയ്‌ക്കോ ഐസിസിക്കോ ഇതുവരെ പരാതി നൽകിട്ടില്ലെന്നും ബി ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി.
കാരവാനിൽവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ രഞ്ജിത്ത് ശ്രമിച്ചുവെന്നാണ് യുവനടി നൽകിയ പരാതി. നിലവിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇന്നലെ രാത്രി കാറിൽ സഞ്ചരിക്കവെയാണ് പൊലീസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ അറസ്റ്റ് ചെയ്‌തത്. ശേഷം തൊടുപുഴ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അറസ്റ്റ് വിവരം പുറംലോകമറിഞ്ഞത്.
അതേസമയം, സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗൗരവതരമാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
നേരത്തേ രഞ്ജിത്തിനെതിരെ രണ്ട് പീഡന പരാതികൾ ഉയര്‍ന്നിരുന്നു. ‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്നുള്ള ആദ്യ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഇത്. തുടർന്ന് കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് രാജിവയ്ക്കേണ്ടി വന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |