
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഉബൈദ് നോട്ടുകൾ എണ്ണാൻ കൊടുക്കുന്നതിന്റെ വീഡിയോകൾ വൈറലാണ്. അത്തരമൊരു വീഡിയോയിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ ഒരു കൊച്ചുകുട്ടിയുണ്ട്, കാസർകോടുകാരനായ മുഹമ്മദ് ബദറുദ്ദീൻ. രാത്രി തിരക്കേറിയ റോഡിൽ സ്‌കൂൾ ബാഗും തൂക്കി അച്ചാർ വില്പന നടത്തുന്നതിനിടയിലാണ് ബദറുദ്ദീനെ ഉബൈദ് കാണുന്നത്. എന്തുവേണമെന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടെന്ന് അവൻ പറഞ്ഞു. നോട്ടുകൾ എണ്ണാൻ നൽകിയപ്പോൾ 19,600 രൂപയാണ് 13കാരൻ എണ്ണിയെടുത്തത്. അസുഖബാധിതയായ ഉമ്മയെ സഹായിക്കാനാണ് ബദറുദ്ദീൻ വഴിയോരക്കച്ചവടത്തിനിറങ്ങിയത്. ഇന്നിപ്പോൾ സ്വന്തം പേരിൽ അച്ചാർ ബ്രാൻഡ് തന്നെ തുടങ്ങിയിരിക്കുകയാണ് ഈ എട്ടാം ക്ളാസുകാരൻ.
കാസർകോട് ബോവിക്കാനം സ്വദേശിയാണ് മുഹമ്മദ് ബദറുദ്ദീൻ. ബോവിക്കാനം എയുപിഎസ് വിദ്യാർത്ഥിയാണ്. എൻഡോസൾഫാൻ ഇരയാണ് ബദറുദ്ദീന്റെ ഉമ്മ ബീഫാത്തിമ. ജന്മനാ നടക്കാൻ കഴിയാത്തയാളാണ്. രണ്ട് സഹോദരിമാരാണ് ബദറുദ്ദീനുള്ളത്. ഒരു സഹോദരി ഖദീജാത്ത് ഷഫ്‌നാസ് വിവാഹിതയും മറ്റൊരു സഹോദരി ആയിഷാത്ത് ശബ്‌ന പ്ളസ് ടു വിദ്യാർത്ഥിനിയും. പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആണെങ്കിലും നിലവിൽ സർവീസ് നടത്തുന്നില്ല. അച്ചാർ വില്പന മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.

ഒരു വർഷമായി കുടുംബത്തിന് മാങ്ങ അച്ചാർ വില്പനയുണ്ട്. നേരത്തെ മുല്ലപ്പൂ കെട്ടിനൽകുന്ന ജോലി ഉമ്മ ചെയ്തിരുന്നു. പ്രദേശത്തെ മുല്ലപ്പൂ തോട്ടത്തിൽ നിന്ന് ബദറുദ്ദീനും സഹോദരിമാരും പൂക്കൾ പറിച്ചുകൊണ്ടുവരും. ഇത് കെട്ടിനൽകുകയായിരുന്നു ബീഫാത്തിമ ചെയ്തിരുന്നത്. ഇതിൽ നിന്ന് കിട്ടുന്ന തുച്ഛമായ കൂലിയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പൂവിന്റെ സീസണിൽ മാത്രമായിരുന്നു ഈ തൊഴിലുണ്ടായിരുന്നത്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് ബാക്കി സമയങ്ങളിൽ കുടുംബം കഴിഞ്ഞുപോന്നത്. ഇതിനിടെയിലാണ് അച്ചാർ വില്പനയെന്ന ആശയത്തിലെത്തുന്നത്. സ്വന്തമായ വരുമാനമായിരുന്നു ലക്ഷ്യം.
സ്‌കൂൾ കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷം ആറ് മണിമുതൽ രാത്രി എട്ടര മണിവരെ ബദറുദ്ദീൻ കാസർകോട് നഗരത്തിലെ പ്രസ് ക്ളബ് ജംഗ്ഷനിൽ അച്ചാർ വിൽക്കും. ഉമ്മയും അമ്മൂമ്മയും ചേർന്നാണ് അച്ചാർ തയ്യാറാക്കുന്നത്. സഹായത്തിനായി സഹോദരിയുമുണ്ട്. എല്ലാവരും ചേർന്ന് അച്ചാർ കുപ്പികളിലാക്കും. ശേഷം ബാഗിൽ കുപ്പികൾ നിറച്ച് ബദറുദ്ദീൻ നഗരത്തിലേയ്ക്കിറങ്ങും. നിലവിൽ നേരിട്ടുള്ള വിൽപനയും ഓൺലൈനിലൂടെയുമുള്ള വില്പനയും മാത്രമാണുള്ളത്. ഒരു വെബ്‌സൈറ്റ് തുടങ്ങാനും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ വില്പന നടത്താനും ആലോചനയുണ്ട്. കടകളിലും നേരിട്ട് വില്പന നടത്തുന്നില്ല.
സർക്കാരിൽ നിന്ന് എൻഡോസൾഫാൻ ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് ഇവർ സ്വന്തമായി വീട് നിർമിച്ചത്. സോഷ്യൽ മീഡിയയിലെ വീഡിയോ വൈറലായതിനുശേഷം വില്പന വർദ്ധിച്ചതായി ബീഫാത്തിമ പറയുന്നു. ദിവസേന പത്ത് കുപ്പിയോളം വിൽക്കാൻ സാധിക്കുന്നുണ്ട്. കാൽ കിലോ അച്ചാറിന് 60 രൂപയും അര കിലോയ്ക്ക് 120 രൂപയും കിലോയ്ക്ക് 230 രൂപയുമാണ് വില. മാങ്ങയ്ക്ക് പുറമെ കാരറ്റ്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുമുണ്ട്. ബദറുദ്ദീന്റെ സഹോദരി ആയിഷാത്ത് ശബ്‌നയാണ് ബദറുദ്ദീൻ പിക്കിൾസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. അമ്മാവനായ റഷീദും സഹായത്തിനുണ്ട്. അച്ചാർ വില്പനയ്ക്ക് പുറമെ ചെറിയ പ്രമോഷനുകളും ബദറുദ്ദീൻ ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |