
മലപ്പുറം: കോൺഗ്രസ് സി.പി.എമ്മിനെതിരെ ഡീൽ ആരോപണം ഉന്നയിക്കുന്നത് അവരുടെ ബി.ജെ.പി ബന്ധം മറച്ചുവയ്ക്കാനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും ബി.ജെ.പിയും ഡീലുണ്ടെന്ന് രാഷ്ട്രീയ സാക്ഷരതയുള്ള ആരും പറയില്ല. ഒരുവർഗീയ ശക്തിയുമായും സി.പി.എമ്മിന് ബന്ധമില്ല. എസ്.ഡി.പി.ഐയുമായി ധാരണയോ ചർച്ചയോ നീക്കുപോക്കോ ഉണ്ടായിട്ടില്ല. ബി.ജെ.പിയെ മാറ്റിനിറുത്താൻ ചിലർ അവരുടേതായ കാരണങ്ങളാൽ ചില സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുന്നുണ്ടാകും. എസ്.ഡി.പി.ഐയുടെ ചില നിലപാടുകൾ ആർ.എസ്.എസിന് ന്യായീകരണം നൽകുന്നതാണ്. മതരാഷ്ട്ര വാദമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അനുഭവങ്ങളും മുന്നണികളുടെ അവകാശവാദങ്ങളും തമ്മിലുള്ള മുഖാമുഖമാണ് നടക്കുന്നത്.
എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രകടന പത്രികയെന്നത് പ്രവർത്തന പത്രികയാണ്. ഇത്തവണ ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവില്ല. യു.ഡി.എഫ് അസ്തിത്വ പ്രശ്നം നേരിടുന്നുണ്ട്. അധികാരമില്ലാതെ നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണവർ. വനിതാലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൂർബിന റഷീദിന്റെ രാജി മുസ്ലിംലീഗിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതാണെന്നും എം.എ. ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |