
ബംഗളൂരു: കർണാടകയിലെ കുടകിൽ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയ്ക്കായി (35) തിരച്ചിൽ ഊർജിതം. വനംവകുപ്പും പൊലീസും ചേർന്ന് ആറ് സംഘങ്ങളായി തിരിഞ്ഞാണ് വനമേഖലയിൽ പരിശോധന നടത്തുന്നത്. ശരണ്യ ഒരു നായയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു എന്ന് കൂടെയുണ്ടായിരുന്നവരുടെ മൊഴിയെ ശരിവയ്ക്കുന്ന ഫോട്ടോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ട്രക്കിംഗ് പാതയിൽ വച്ചാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ശരണ്യയെ കണ്ടെത്താൻ ദ്രുതഗതിയിലുള്ള നീക്കം വേണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.
വനമേഖലയിൽ സ്നിഫർ ഡോഗുകളെയും ഡ്രോണുകളെയും ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. എന്നാൽ പ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത മഞ്ഞ് വീഴ്ച രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. കാട്ടാന ശല്യമുള്ള മേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ സംഘം മുന്നോട്ട് നീങ്ങുന്നത്.
ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ച ശേഷം രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയൻഡമോൾ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേർന്ന് പോകാൻ ശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച ശരണ്യ ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെയുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |