
കൊല്ലം: ദൂരപരിധി നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വകാര്യബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം- കുമളി, കോഴിക്കോട്- എറണാകുളം തുടങ്ങിയ റൂട്ടുകളിലാണ് പെർമിറ്റുകൾ പുതുക്കി നൽകിയത്. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകുമെന്നാണ് സൂചന.
നേരത്തെ, സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക് സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.
140 കാലോമീറ്ററിലധികം ദൂരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ 'മോട്ടോർ വെഹിക്കിൾ സ്‌കീം' നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീംകോടതിയിലും സർക്കാർ അപ്പീൽ നൽകിയിരുന്നു. വിധി നടപ്പാക്കാത്തതിനെ തുടർന്ന് മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആർടിഒമാർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |