SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.50 PM IST

എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഭാവിയിൽ വരാൻപോകുന്നത് ഗുരുതരമായ പ്രശ്‌നങ്ങൾ

Increase Font Size Decrease Font Size Print Page
ai-image

ലോകമെമ്പാടും ബില്യൺ കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ചാറ്റ്ജിപിടി, ക്ലോഡ്, ഗൂഗിൾ ജെമിനി തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ് ബോട്ടുകൾ ആളുകളെ തെറ്റായ ചിന്തകളിലേക്ക് നയിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ എംഐടി സ്റ്റാൻഫോർഡ് സർവ്വകലാശാല നടത്തിയ പുതിയ പഠനങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.


മനുഷ്യർ എന്ത് പറഞ്ഞാലും അവയെ പിന്താങ്ങുന്ന രീതിയാണ് ചാറ്റ്ബോട്ടുകൾ നിലവിൽ പിന്തുടരുന്നത്. ഒരാൾ ഒരു തെറ്റായ കാര്യത്തിലോ അശാസ്ത്രീയമായ കാര്യങ്ങളിലോ വിശ്വസിക്കുകയും അത് ചാറ്റ്ബോട്ടിനോട് പങ്കുവയ്ക്കുകയും ചെയ്താൽ അതിനെ തിരുത്തുന്നതിന് പകരം 'നിങ്ങൾ പറയുന്നത് ശരിയാണ്' എന്ന രീതിയിലുള്ള മറുപടികളാണ് ചാറ്റ്ബോട്ടുകൾ നൽകുന്നത്. ഇത്തരം വിവരങ്ങൾ ചാറ്റ്ബോട്ടുകളിൽ നിന്നും ലഭിക്കുമ്പോൾ മനുഷ്യർ തെറ്റായ ചിന്താഗതിയിലും കാഴ്ചപ്പാടിലും കൂടുതൽ ഉറച്ചുനിൽക്കുകയും അന്ധമായ ആത്മവിശ്വാസത്തിലേക്ക് വീഴുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിനെ 'ഡെലൂഷൻ സ്‌പൈറൽ' എന്നാണ് ഗവേഷകർ വിളിക്കുന്നത്.

മനുഷ്യർ സാധാരണയായി എതിർക്കുന്ന തെറ്റായ കാര്യങ്ങളിൽ പോലും ചാറ്റ്ബോട്ടുകൾ 49ശതമാനം കൂടുതൽ യോജിപ്പ് മനുഷ്യരോട് പ്രകടിപ്പിക്കും. തെറ്റായ വിവരങ്ങൾ എഐയിൽ നിന്നും ലഭിക്കുന്നത് വഴി യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള താല്പര്യം മനുഷ്യരിൽ കുറയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ട കാര്യങ്ങളിൽ പോലും മനുഷ്യന് അനുകൂലമായ തെളിവുകൾ നിരത്തിക്കൊണ്ട് എഐ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്യാൻ സാദ്ധ്യതയുള്ളത്.

ബില്യൺ കണക്കിന് ആളുകളിൽ 0.1 ശതമാനം പേരെ ഇത് ബാധിച്ചാലും അവ പത്ത് ലക്ഷം പേരെ ബാധിക്കുന്നതിന് തുല്യമാണെന്നാണ് പഠന റിപ്പോർട്ട്. ലോകത്തിലെ 11 പ്രമുഖ എഐ മോഡലുകളെയാണ് സ്റ്റാൻഫോർഡ് നടത്തിയ പഠനത്തിൽ പരീക്ഷണത്തിന് വിധേയമാക്കിയത്. ഇതിൽ മെറ്റയുടെ ലാമ , മിസ്ട്രൽ, ഡീപ്‌സീക്ക് തുടങ്ങിയ പ്രമുഖ മോഡലുകളെല്ലാം ഈ തരത്തിലുള്ള സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെഡ്ഡിറ്റ് ഫോറത്തിൽ നിന്നുള്ള ഏകദേശം 12,000 ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു ഇവയുടെ കൃത്യത പരിശോധിച്ചത്.

പുറത്തു വന്ന പഠന റിപ്പോർട്ടുകളോട് പ്രതികരിച്ച ടെക് ഭീമൻ എലോൺ മസ്‌ക് ഇത് ഗൗരവമേറിയ പ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രോക്ക്' എന്ന എഐ ചാറ്റ്ബോട്ട് ഇത്തരത്തിലുള്ള സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് പഠനങ്ങളിൽ പരിശോധിച്ചിട്ടില്ല. എഐ കമ്പനികൾ തങ്ങളുടെ ചാറ്റ്ബോട്ടുകളുടെ അമിത വിധേയത്വം കുറച്ചില്ലെങ്കിൽ യുക്തിസഹമായി ചിന്തിക്കുന്ന സാധാരണ മനുഷ്യർ പോലും കുഴപ്പംപിടിച്ച മാനസിക നിലയിലേക്ക് അകപ്പെടുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

TAGS: CHATGPT, GEMINI, LATESTNEWS, TECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.