SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.01 AM IST

തെക്കൻ കാറ്റ് ആർക്കൊപ്പം

Increase Font Size Decrease Font Size Print Page
vvv

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മദ്ധ്യ- തെക്കൻമേഖലയിലെ അഞ്ചു ജില്ലകൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം. കേരളഭരണം ഏതുകൈകളിൽ എത്തണമെന്നതിൽ നിർണായക പങ്ക് ഈ ജില്ലകൾക്കുണ്ട്. ഒരുകാലത്ത് യു.ഡി.എഫിന് ഏറെ വേരോട്ടമുണ്ടായിരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിലവിൽ ഇടതുപക്ഷത്തിന്റെ സർവാധിപത്യമാണ്. കോട്ടയത്ത് ഏതാണ്ട് ഒപ്പത്തിനൊപ്പം. അഞ്ചു ജില്ലകളിലായി ആകെയുള്ള 48 അസംബ്ളി മണ്ഡലങ്ങളിൽ 40ഉം നിലവിൽ എൽ.ഡി.എഫിന്റെ കൈയ്യിലാണ്.

എൻ.ഡി.എയ്ക്കും ചില ജില്ലകൾ സുപ്രധാനം. ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലാണ്. പൂട്ടിപ്പോയ അക്കൗണ്ട് വീണ്ടും തുറക്കുക അവരുടെ അഭിമാനപ്രശ്നം. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ രണ്ടാം സ്ഥാനക്കാരാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂരും ബി.ജെ.പിക്കായിരുന്നു രണ്ടാം സ്ഥാനം.

തിരുവനന്തപുരം

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. മൂന്നിടത്തും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. കോവളം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. തിരുവനന്തപുരം, അരുവിക്കര, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിൽ യു.ഡി.എഫ് മേധാവിത്വം നേടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ആകെ സീറ്റ്-14

എൽ.ഡി.എഫ്-13

യു.ഡി.എഫ്-01

കൊല്ലം

ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലങ്ങളിലാണ് കനത്ത പോരാട്ടം. ചാത്തന്നൂരിൽ മണ്ഡലവുമായി അഭേദ്യ ബന്ധമുള്ള സ്ഥാനാർത്ഥിയെയാണ് എൻ.ഡി.എ ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ അവർ രണ്ടാം സ്ഥാനത്തായിരുന്നു. മറ്റ് രണ്ട് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നല്ല ജനപിന്തുണയുള്ളവരാണെങ്കിലും എൻ.ഡി.എ ഉയർത്തുന്ന വെല്ലുവിളി എങ്ങനെ മറികടക്കുമെന്നതാണ് വിഷയം. കൊട്ടാരക്കരയിൽ മുൻ യു.ഡി.എഫ് നേതാവാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മുൻ എൽ.ഡി.എഫ് എം.എൽ.എയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകൾക്ക് പുറമെ കുന്നത്തൂർ, ചവറ, കൊല്ലം മണ്ഡലങ്ങളിലും ആധിപത്യം നേടാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

ആകെ സീറ്ര്-11

എൽ.ഡി.എഫ്-09

യു.ഡി.എഫ്-02

ആലപ്പുഴ

ജി.സുധാകരന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ അമ്പലപ്പുഴയിൽ കടുത്ത മത്സരമാണ്. സുധാകരന്റെ ജനപ്രീതി പ്രതിഫലിച്ചാൽ യു.ഡി.എഫിനു മണ്ഡലം കിട്ടും. സുധാകരനെതിരെ സർവ തന്ത്രങ്ങളും സി.പി.എം മെനയുന്നുണ്ട്. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മാത്രമാണ് നിലവിൽ യു.ഡി.എഫിനുള്ളത്. കുട്ടനാട്ടിലും പോര് കടുക്കും. എൽ.ഡി.എഫിന്റെ കൈവശമുള്ള കായംകുളം, ചേർത്തല, അരൂർ മണ്ഡലങ്ങളാണ് യു.ഡി.എഫ് വലിയ പ്രതീക്ഷ വയ്ക്കുന്നത്.

ആകെ സീറ്റ്-09

എൽ.ഡി.എഫ്-08

യു.ഡി.എഫ്-01

പത്തനംതിട്ട

അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈയ്യിൽ. ആറന്മുള, തിരുവല്ല മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണ്. ആറന്മുളയിൽ മന്ത്രി വീണാജോർജും യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻവർക്കിയും ഓർത്തഡോക്സ് വിഭാഗക്കാരാണ്. കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യമാണ് എൻ.ഡി.എയുടെ ശക്തി. യു.ഡി.എഫും എൻ.ഡി.എയും ശബരിമല വിഷയം നന്നായി കത്തിക്കുന്നുമുണ്ട്. തിരുവല്ലയിൽ സിറ്റിംഗ് എം.എൽ.എ മാത്യു ടി.തോമസിനു ശക്തമായ വെല്ലുവിളി ഉയർത്തുന്നത് എൻ.ഡി.എയുടെ അനൂപ് ആന്റണിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയും ശക്തമായി രംഗത്തുണ്ട്. ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് പ്രതീക്ഷ.

ആകെ സീറ്റ്-05

എൽ.ഡി.എഫ്-05

കോട്ടയം

ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം. കോട്ടയവും പുതുപ്പള്ളിയും യു.ഡി.എഫും വൈക്കവും ഏറ്റുമാനൂരും എൽ.ഡി.എഫും ഉറപ്പിച്ചിട്ടുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ തീപാറുന്ന ത്രികോണപോരാണ്. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമാണ് രംഗം കടുപ്പിക്കുന്നത്. പാലായിൽ ഷോൺജോർജും പൂഞ്ഞാറിൽ പി.സി.ജോർജും കാഞ്ഞിരപ്പള്ളിയിൽ ജോർജ്കുര്യനുമാണ് രംഗത്തുള്ളത്. വെല്ലുവിളി ശക്തമെങ്കിലും കടുത്തുരുത്തി യു.ഡി.എഫിനെ കൈവിടില്ലെന്നു കരുതാം. കേരളാ കോൺഗ്രസ് വഴി ഇടത്തേക്ക് ചാഞ്ഞ ചങ്ങനാശ്ശേരി എൽ.ഡി.എഫിനെയും കൈവിട്ടേക്കില്ല.

ആകെ സീറ്റുകൾ-09

എൽ.ഡി.എഫ്-05

യു.ഡി.എഫ്-04

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.