SignIn
Kerala Kaumudi Online
Thursday, 21 May 2026 1.51 PM IST

ശബരിമലയ്ക്ക് ഹൈക്കോടതി മാർഗനിർദ്ദേശം: ദിവസേന ദർശനം 80,000 പേർക്കുമാത്രം

sabarimala

കൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്.

പമ്പയിൽനിന്ന് ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്നതാണ് പ്രധാനനിർദ്ദേശം. പരമ്പരാഗത കാനനപാതയിലൂടെ ദിവസം പരമാവധി 5000 തീർത്ഥാടകർ മാത്രം.

മകരവിളക്ക് കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ വരവ് ചെലവ് ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം.

തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് മാർഗനിർദ്ദേശങ്ങൾ നൽകിയത്. സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് തത്സമയം നിരീക്ഷിക്കാൻ എ.ഐ അധിഷ്ഠിത കമാൻഡ് സെന്ററുകളും ഡ്രോൺനിരീക്ഷണവും ഏർപ്പെടുത്തണം. തിരക്ക് നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയമായി നടപ്പാക്കാൻ ദേവസ്വംബോർഡ് ഉടൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കണം. ഗതാഗതം, ദുരന്തനിവാരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ അംഗങ്ങളാകണം.

വെർച്വൽക്യൂ ബുക്കിംഗ് സിസ്റ്റം ഉടച്ചുവാർക്കണം. സ്ലോട്ട് ബുക്കിംഗിന് ചെറിയതുക ഡെപ്പോസിറ്റായി ഈടാക്കുന്നത് പരിഗണിക്കണം. ഇത് അനാവശ്യ ബുക്കിംഗുകൾ ഒഴിവാക്കാൻ സഹായിക്കും. കൃത്യസമയത്ത് വരുന്നവർക്ക് ഡെപ്പോസിറ്റ് തുക തിരികെ നൽകണം. സമയം പാലിക്കാത്തവരുടേത് ദേവസ്വത്തിലേയ്ക്ക് വകയിരുത്തണം. വെർച്വൽ ബുക്കിംഗ് റദ്ദാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണം. ഒക്ടോബർ 31നകം എല്ലാ നിർമ്മാണജോലികളും പൂർത്തിയാക്കണം.

വിദഗ്ദ്ധസമിതിയിൽ സർക്കാരിന്റേയും ബോർഡിന്റേയും പാനൽ അംഗങ്ങളെ നിശ്ചയിച്ച് 8ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.

തീരുമാനം നടപ്പാക്കാൻ

ടാസ്‌ക്‌ഫോഴ്‌സ്

* വിദ്ഗ്ദ്ധസമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ടാസ്‌ക്‌ഫോഴ്‌സ് വേണം
* പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശബരിമലയിൽ എ.ഡി.എമ്മിനെ നിയമിക്കണം
* ശബരിമല ഫെസ്റ്റിവൽ ഓഫീസ് ഏപ്രിൽ 15 ന് പമ്പയിൽ തുടങ്ങണം
* ഉത്സവത്തിനായി പ്രത്യേക ബഡ്‌ജറ്റ് വേണം.

* എല്ലാ ബില്ലുകളും ഡിജിറ്റലൈസ് ചെയ്യണം
* സീസൺ തു‌ടങ്ങുംമുമ്പ് ദേവസ്വം മന്ത്രി ഉന്നതതലസമിതി യോഗംവിളിച്ച് തീരുമാനങ്ങളെടുക്കണം
* പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നൊരുക്ക ഫണ്ട് നേരത്തേ അനുവദിക്കണം
* വലിയ നടപ്പന്തൽ രണ്ട് നിലയിലായി ക്രമീകരിക്കുന്നത് പരിഗണിക്കണം
* മാളികപ്പുറത്ത് പ്രത്യേക ക്യൂ വേണം
* സമഗ്രമായ സി.സി.ടി.വി നിരീക്ഷണം
* ഡിജിറ്റൽ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കണം
* സമഗ്ര വെബ്‌സൈറ്റ് നവംബറിനുമുമ്പ് സജ്ജമാക്കണം
* മുറി ബുക്കിംഗ് ഓൺലൈനാക്കണം
* വഴിപാട് ബുക്കിംഗ് ഡിജിറ്റലൈസ് ചെയ്യണം
* അരവണ ബുക്കിംഗ് സൗകര്യം വേണം
* പമ്പ-ത്രിവേണി റോഡ് വീതികൂട്ടണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA