
കൊച്ചി: മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിലെ പുൽമേട്ടിൽ കണ്ടെത്തിയ പുതിയ സസ്യം കേരളത്തിന്റെ സുഗന്ധവ്യഞ്ജനപ്പെരുമയ്‌ക്ക് മുതൽക്കൂട്ടായേക്കും. ബോട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞ
ഡോ. കെ.എ. സുജനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് കണ്ടെത്തിയത്. പിമ്പിനെല്ല പിഗ്മിയ എന്നു പേരിട്ടു. ക്യാരറ്റ്, കൊത്തമല്ലി, പെരുംജീരകം തുടങ്ങിയവയുടെ കുടുംബത്തിൽപ്പെട്ട സസ്യം രുചിക്കൂട്ടുകളിലും ഔഷധക്കൂട്ടുകളിലും സ്ഥാനം പിടിക്കുമെന്നാണ് ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. അതിനുള്ള ഗവേഷണം തുടങ്ങി.
ബോട്ടാണിക്കൽ സർവേയുടെ വിവരശേഖര പ്രകാരം ക്യാരറ്റ് ജനുസിൽപ്പെട്ട 157ാമത്തെ സസ്യമാണിത്. പൊട്ടാസ്യം, വിറ്റാമിൻ എ, ബയോട്ടിൻ, വിറ്റാമിൻ ബി തുടങ്ങിയവയുടെ കലവറയാണ് ക്യാരറ്റ് വിഭാഗം സസ്യങ്ങൾ. മികച്ച ആന്റി ഓക്‌സിഡന്റുമാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലേറെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിലാണ് ഇവ വളരുന്നത്.
ഈ ചെടിയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് ഫിന്നിഷ് സുവോളജിക്കൽ ആൻഡ് ബോട്ടാണിക്കൽ പബ്ലിഷിംഗ് ബോർഡിന്റെ അന്തർദേശീയ ജേർണലായ അന്നൽസ് ബൊട്ടാണിസി ഫെന്നിസിയിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളായ അഖിൽ സാജൻ, എസ്. നവ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
1. 8 ഇഞ്ചിൽ താഴെ ഉയരം
2. കിഴങ്ങിന് ചെറുവിരലിന്റെ പകുതിയോളം വലിപ്പം
3. ഇലകളും പൂക്കളും വളരെ ചെറുത്
4. കൊത്തമല്ലിക്കു സമാനമായ സുഗന്ധം
5. ഇലഞെട്ടുകൾക്ക് നീളം കൂടുതലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |