
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ തന്നെയായിരുന്നു. ഏപ്രിൽ മൂന്നു മുതൽ അഞ്ചു ദിവസമാണ് സ്വന്തം മണ്ഡലത്തിൽ മാത്രമായി മുഖ്യമന്ത്രി ചെലവിട്ടത്. റോഡ് ഷോയിൽ അടക്കം പങ്കെടുത്തു. നിശബ്ദ പ്രചാരണ ദിനമായ ഇന്നും മുഖ്യമന്ത്രി മണ്ഡലത്തിൽ തുടരും.
ഇന്നു രാവിലെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലയുള്ള നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അവസാനഘട്ട തന്ത്രങ്ങൾ ചർച്ചയാകും. ഇന്ന് വീടുകയറിയുള്ള പ്രചാരണ പരിപാടികളൊന്നും മുഖ്യമന്ത്രി നിശ്ചയിച്ചിട്ടില്ല. പത്തു ദിവസമാണ് സംസ്ഥാനതല പ്രചാരണത്തിനു പിണറായി സമയം കണ്ടെത്തിയത്. ശേഷം ധർമ്മടത്തേക്ക് മടങ്ങുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
എൽ.ഡി.എഫിന്റെ മുഖ്യ ക്യാമ്പയിനറായ മുഖ്യമന്ത്രിക്ക് പക്ഷേ, വയനാട്, കാസർകോട് ജില്ലകളിൽ ഇക്കുറി പ്രചാരണത്തിന് എത്താനായില്ല. ഇന്നലെ വയനാട് ചൂരൽമല നിവാസികൾ ധർമ്മടത്തെത്തി മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വി.പി. അബ്ദുൾ റഷീദാണ് ഇക്കുറി ധർമ്മടത്ത് മുഖ്യമന്ത്രിയുടെ എതിരാളി. ഇക്കുറിയും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറയില്ലെന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങൾ.
അവസാന ലാപ്പിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഓരോ വോട്ടറെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ കത്തുകൾ വീടുതോറും എത്തിച്ചായിരുന്നു ഇക്കുറി പ്രവർത്തകരുടെ പ്രചാരണം.
മണ്ഡലത്തിൽ തങ്ങി
സണ്ണി ജോസഫ്
കടുത്ത മത്സരം നേരിടുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് കൂടുതൽ സമയവും സ്വന്തം മണ്ഡലമായ പേരാവൂരിൽ തന്നെയായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. ശൈലജ എതിരാളിയായി എത്തിയതോടെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ.
മുൻ പേരാവൂർ എം.എൽ.എ കൂടിയായ കെ.കെ. ശൈലജയുടേയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും സ്ഥാനാർത്ഥിത്വം പേരാവൂരിനെ സ്റ്റാർ മണ്ഡല പദവിയിൽ എത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |