മരട്: തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമ
ണം തടുക്കാൻ ശ്രമിക്കുന്നതിനിടെ കുപ്പിച്ചില്ല് കാലിൽതറച്ച് ആശ്രമാധിപതിക്ക് പരിക്കേറ്റു. മരട് അയിനി ശിവക്ഷേത്രത്തിന് സമീപമുള്ള
ശിവപ്രസാദം ആശ്രമാധിപതി പരമാചാര്യ കെ.വി. തമ്പി സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെപുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. ആശ്രമത്തിലുള്ള
ഗോശാലയിൽനിന്ന് പശുക്കിടാവിന്റെ നിറുത്താതെയുള്ള കരച്ചിൽകേട്ട് നോക്കാനെത്തിയതായിരുന്നു തമ്പി സ്വാമി. ഗോശാല ഇരുമ്പ് ഗ്രില്ലുകൊണ്ട് മറച്ചിരുന്നതിനാൽ നായ്ക്കൾക്ക് അകത്തുകടക്കാനായില്ല. നായ്ക്കളുടെ കുരയും പശുക്കിടാവിന്റെ കരച്ചിലും കേട്ട് സമീപവാസികളും ഉണർന്നു. ഇതിനിടെ അവിടെ എത്തിയ സ്വാമിക്കുനേരെ നായ്ക്കൂട്ടം തിരിഞ്ഞു. സമീപത്തു കിടന്ന പട്ടികയെടുത്ത് നായ്ക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ താഴെക്കിടന്ന കുപ്പിപൊട്ടി ചില്ല് സ്വാമിയുടെ കാലിൽ തറച്ചാണ് പരിക്കേറ്റത്.
സമീപവാസിയുമായ സലി സ്വാമിയെ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിൽ തുന്നലുണ്ട്. പ്രദേശവാസികൾക്കു ഭീഷണിയായി മാറിയ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തമ്പി സ്വാമി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |