SignIn
Kerala Kaumudi Online
Friday, 24 April 2026 5.45 PM IST

അഞ്ചിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം

Increase Font Size Decrease Font Size Print Page

ഇടുക്കി: ജില്ലയിൽ അഞ്ച് മണ്ഡലങ്ങളേ ഉള്ളുവെങ്കിലും അഞ്ചിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഡീൻ കുര്യാക്കോസ് നേടിയ 1.33 ലക്ഷത്തിന്റെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയവും, നഷ്ടമായ സീറ്റുകളെല്ലാം തിരികെ പിടിക്കാമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ദേവികുളമൊഴികെയുള്ള നാല് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ഓരോ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തുന്ന എൻ.ഡി.എ ഇത്തവണയും ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ബി.ഡി.ജെസിനെ കൂടാതെ ട്വന്റി 20 കൂടി ഒപ്പം ചേർന്നതിന്റെ ആത്മവിശ്വാസത്തിലാണ് അവ‌ർ.

ഉടുമ്പഞ്ചോലയിൽ ഉഗ്രൻ മത്സരം

ഉടുമ്പഞ്ചോലയുടെ വികസന നായകനായി മാറിയ എം.എം. മണിയ്ക്ക് പകരം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.കെ. ജയചന്ദ്രൻ രണ്ട് തവണ മണ്ഡലത്തിൽ എം.എൽ.എയായിരുന്നതിനാൽ തന്നെ വിപുലമായ വ്യക്തി ബന്ധങ്ങളുണ്ട്. ജയചന്ദ്രനിപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായതിനാൽ പാർട്ടി ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ തവണ മണി നേടിയ ഭൂരിപക്ഷത്തിൽ കുറയാതെ വിജയം നേടുകയെന്നതാണ് ലക്ഷ്യമിടുന്നത്. 2016ൽ മണിയാശാനെ 1109 വോട്ടിന് ഒതുക്കിയ ചരിത്രമുള്ള കോൺഗ്രസ് നേതാവ് സേനാപതി വേണു ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ നടത്തുന്നത്. ദീർഘനാളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നേതാവായതിനാൽ തന്നെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥനും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

ഇടുക്കിയിൽ കടുപ്പം

ഇടുക്കിയിൽ കാൽനൂറ്രാണ്ടായി അപരാജിതനായി വാഴുന്ന റോഷി അഗസ്റ്റിനെ തറപറ്റിക്കാൻ, ഇത്തവണ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തിറക്കിയ റോയ് കെ. പൗലോസ് ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം യു.ഡി.എഫ് കാടിളക്കിയ പ്രചരണമാണ് മണ്ഡലത്തിൽ നടത്തിയത്. കഴിഞ്ഞ തവണ റോഷിക്കുണ്ടായിരുന്ന 5573 വോട്ടിന്റെ ഭൂരിപക്ഷം എന്തായാലും മറികടക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ 25 വർഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ഓരോ വീട്ടിലെയും കൊച്ചുകുട്ടികളെ വരെ പേരെടുത്ത് വിളിക്കാൻ മാത്രം വ്യക്തി ബന്ധമുള്ളയാളാണ് റോഷി. മണ്ഡലം ഏറ്റെടുത്തതിൽ കേരള കോൺഗ്രസ് നേതാക്കൾക്കുള്ള എതിർപ്പും റോയി ഹൈറേഞ്ച് കാരനല്ലെന്നതും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. മന്ത്രിയെന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ കൂടിയാകുമ്പോൾ ജയം അനായാസമാണെന്ന് ഇടതുപക്ഷം കരുതുന്നു. രണ്ട് മുന്നണികൾക്കും കടുത്ത വെല്ലുവിളിയായി ബി.ഡി.ജെ.എസിലെ പ്രതീഷ് പ്രഭയും കളത്തിലുണ്ട്.

തൊടുപുഴ ഒഴുകുന്നതെങ്ങോട്ട്

അരനൂറ്റാണ്ടിലേറെ തൊടുപുഴ നെഞ്ചോട് ചേർത്ത പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കളമൊഴിഞ്ഞതോടെ യു.ഡി.എഫിന് വേണ്ടി മകൻ അപു ജോൺ ജോസഫാണ് കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നതെന്നാണ് തൊടുപഴയിലെ പ്രത്യേകത. പി.ജെ. ജോസഫിന്റെ മകനാണെന്നതും യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണെന്നതും അപുവിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. കേരള കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടുന്ന ഇവിടെ കോട്ടയം ജില്ലക്കാരനായ സിറിയക് ചാഴികാടന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ശക്തമായ മത്സരമാണ് നടത്തുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജനം വോട്ട് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് ഇടത് പ്രതീക്ഷ. എൻ.ഡി.എയുടെ ഭാഗമായ 20 ട്വന്റിയുടെ സ്ഥാനാർത്ഥിയായ റോയി വാരികാട്ടും മണ്ഡലത്തിലെമ്പാടും വലിയ പ്രചാരണം തന്നെ നടത്തി. 2016ൽ തൊടുപുഴയിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചതിന്റെ അനുഭവ സമ്പത്തും ഗുണം ചെയ്യും.

തോട്ടംമേഖല ആർക്കൊപ്പം

പീരുമേട് സി.പി.ഐ എം.എൽ.എയായിരിക്കെ അന്തരിച്ച വാഴൂർ സോമന് പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ എൽ.ഡി.എഫിനായി കളത്തിലിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. വാഴൂർ സോമനോടുള്ള സഹതാപവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനിടയാക്കുമെന്നാണ് ഇടത് പ്രതീക്ഷ. കഴിഞ്ഞ രണ്ട് തവണയും നിസാര വോട്ടുകൾക്ക് തോറ്റുപോയ കോൺഗ്രസിലെ സിറിയക് തോമസ് ഇത്തവണ എന്തായാലും മണ്ഡലം തിരികെ പിടിക്കുമെന്ന വാശിയിലാണ്. സലിംകുമാർ മണ്ഡലംകാരനല്ലെന്നതും സിറിയകിന്റെ വിപുലമായ വ്യക്തി ബന്ധങ്ങളും ഇത്തവണ അനുകൂല ഘടകമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ബി.ജെ.പിയിലെ യുവരക്തം രതീഷ് വരകുമല ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇരുമുന്നണികൾക്കും ശക്തമായ ഭീഷണിയായി ത്രികോണമത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

ആരാണ് ഇവിടെ രാജാവ്

രണ്ട് രാജമാരും ഒരു രാജേന്ദ്രനും ത്രികോണ പോരാട്ടം നടത്തുന്ന ദേവികുളം മണ്ഡലത്തിൽ ആരാകും രാജാവാകുകയെന്നത് പ്രവചനാതീതമാണ്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും വികസനവും ഇത്തവണയും വിജയം സമ്മാനിക്കുന്ന പ്രതീക്ഷയിലാണ് നിലവിലെ എം.എൽ.എയായ എ. രാജ. എന്തായാലും ഇത്തവണ ഇടത് മേധാവിത്തം അവസാനിപ്പിക്കാനായി കാടടച്ച പ്രചരണമാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ എഫ്. രാജ നടത്തുന്നത്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. എസ്. രാജേന്ദ്രൻ പഴയ ബന്ധം പ്രയോജനപ്പെടുത്തി എൽ.ഡി.എഫിന്റെ വോട്ട് കൂടുതൽ പിടിച്ചാൽ സ്ഥതി തങ്ങൾക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കുക്കൂട്ടൽ.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.