
കൊച്ചി: വോട്ടെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പിയും സി.പി.എമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്താനും വ്യാപകമായി പണവും കിറ്റുകളും കൈമാറാനും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പാലക്കാട് ബി.ജെ.പി പ്രവർത്തക സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിൽ പണം നൽകുന്ന വീഡിയോ കോൺഗ്രസ് പുറത്തു വിട്ടു. ബി.ജെ.പി സംസ്ഥാന വ്യാപകമായി വീടുകളിൽ സാരിയും പണവും വിതരണം ചെയ്യുന്നുണ്ട്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കും.അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊലക്കേസ് പ്രതിയാണെന്ന വ്യാജ ആരോപണത്തോടെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സി.പി.എമ്മിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നോട്ടീസ് വിതരണം ചെയ്തു..20 വർഷം മുമ്പുള്ള പറവൂരിലെ ആശുപത്രിയുടെ ചിത്രം ഉൾപ്പെടുത്തി തനിക്കെതിരെ നോട്ടീസിറക്കി. 52,000 ചതുരശ്രയടി കെട്ടിടമുള്ള ആശുപത്രിയാണ് ഇല്ലെന്നു പറയുന്നത്. 2018ലെ പ്രളയകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയ പടമാണ് മറ്റൊന്ന്.
തിരഞ്ഞെടുപ്പ് ജോലിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് പകരം ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ ബാലറ്റ് പേപ്പർ എത്തിയിട്ടില്ല. സെന്ററിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഭരണമാറ്റത്തിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പ് : ചെന്നിത്തല
കേരളത്തിൽ ഭരണമാറ്റത്തിന് നാന്ദികുറിക്കേണ്ട നിർണായക തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പത്തുവർഷം നീണ്ട പിണറായി ഭുർഭരണത്തെിൽ നിന്നും കേരളത്തെ മോചിപ്പിക്കാനും യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനപക്ഷസർക്കാരിനെ അധികാരത്തിലേറ്റാനുമുള്ള ചരിത്ര നിയോഗമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. കേരളത്തിനെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാനും കേരള ജനതയുടെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പുവരുത്താനുമായി നിരവധി പദ്ധതികളാണ് യുഡിഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് അതിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെപ്പാണ്. കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരുടെ പിന്തുണയോടുകൂടി യു.ഡി.എഫ് വൻവിജയം നേടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നടപടി വേണമെന്ന് സണ്ണി ജോസഫ്
പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ വോട്ടർമാർക്ക് പണം നൽകിയതിൽ കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയും. വോട്ടിന് നോട്ടെന്ന ബി.ജെ.പിയുടെ ഉത്തരേന്ത്യൻ സംസ്കാരമാണ് കേരളത്തിലും നടപ്പാക്കുന്നത്. വോട്ടർമാർക്ക് പണം കൊടുക്കുന്ന ദൃശ്യം പകർത്തിയവരുടെ കരണം അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് സ്ഥാനാർത്ഥി ചെയ്തത്. വ്യാജ രേഖ സൃഷ്ടിക്കുന്ന സി.പി.എമ്മും പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്ന ബി.ജെ.പിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ഇതിനെല്ലാം ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബി.ജെ.പി പണം വിതരണം: നടപടി വേണമെന്ന് കെ.സി
പാലക്കാട്ട് ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണം നൽകുന്നത് പതിവാണ്. ആലപ്പുഴയിലും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ
എ ക്ലാസ് മണ്ഡലങ്ങളെന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നത്. ടിവിയിലും ഓൺലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം യു.ഡി.എഫ് മാത്രമാണ് അനുസരിച്ചത്. വൈക്കത്ത് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ ആത്മഹത്യ ചെയ്ത കർഷകൻ ചെല്ലപ്പന്റെ ബന്ധുക്കളെ അദ്ദേഹം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |