SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.56 PM IST

കൊവിഡിന്റെ പുതിയ വകഭേദം 'സിക്കാഡ'; അറിയാം ലക്ഷണങ്ങളും പ്രതിരോധവും

Increase Font Size Decrease Font Size Print Page
cicada


ആഗോളതലത്തിൽ കൊവിഡ്-19 മഹാമാരിയുടെ തീവ്രത കുറഞ്ഞുവെങ്കിലും യഥാർത്ഥത്തിൽ വൈറസിന്റെ വകഭേദങ്ങൾ നിശബ്ദമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം ഒമിക്രോൺ കുടുംബത്തിൽ നിന്ന് പരിണമിച്ചുണ്ടായ ഒരു ഉപവിഭാഗമാണ് 'സിക്കാഡ' (Cicada) അഥവാ BA.3.2. ആഗോളതലത്തിൽ ഇരുപതിലധികം രാജ്യങ്ങളിൽ ഇതിനകം തന്നെ ഈ വകഭേദം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. സിക്കാഡയുടെ വ്യാപനരീതിയും പ്രത്യാഘാതങ്ങളും വ്യത്യസ്തമാണ് അവ നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെയോ വാക്സിനിലൂടെ ലഭിച്ച ആന്റിബോഡികളെയോ ഒരു പരിധിവരെ മറികടക്കാൻ ഈ വകഭേദത്തിന് സാധിക്കും. കൂടാതെ സിക്കാഡയ്ക്ക് പടരാനുള്ള ശേഷി കൂടുതലായിരിക്കാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജനിതകമാറ്റങ്ങളും അതിവേഗ വ്യാപനശേഷിയും

സിക്കാഡ വകഭേദത്തെ മറ്റ് കൊവിഡ് വകഭേദങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത് അതിന്റെ സ്പൈക്ക് പ്രോട്ടീനുകളിൽ വന്നിട്ടുള്ള അസാധാരണമായ മാറ്റങ്ങളാണ്. വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുകയും സ്പൈക്ക് പ്രോട്ടീൻ ഭാഗത്ത് ഏകദേശം 70 മുതൽ 75 വരെ ജനിതകമാറ്റങ്ങൾ (Mutations) വരെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പടരുന്ന മറ്റ് ഉപവിഭാഗങ്ങളേക്കാൾ ഇരട്ടിയിലധികമാണിത്. ഇത്തരത്തിൽ വലിയ തോതിലുള്ള വ്യതിയാനങ്ങൾ കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ഒരളവുവരെ മറികടക്കാൻ (Immune Escape) ഈ വൈറസിന് സാധിക്കുന്നു.

മുൻപ് കൊവിഡ് ബാധിച്ചവരിലും പ്രതിരോധശേഷി നേടിയവരിലും വീണ്ടും രോഗബാധയുണ്ടാക്കാൻ സിക്കാഡ (BA.3.2) വകഭേദത്തിന് സാധിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഈ വൈറസിന്റെ അതിതീവ്രമായ വ്യാപനശേഷിയാണ് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നത്.

ലക്ഷണങ്ങൾ

മറ്റ് ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് സിക്കാഡ ബാധിച്ചവരിൽ കാണുക എന്നാൽ വ്യത്യസ്തമായ ലക്ഷണങ്ങൾ ആരോഗ്യ വിദഗ്ധർ നിരീക്ഷിച്ചു വരുന്നുണ്ട്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ സഹായിക്കും:

കഠിനമായ തൊണ്ടവേദന: സാധാരണ ജലദോഷമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന തൊണ്ടവേദന പിന്നീട് ഭക്ഷണം കഴിക്കാൻ പോലും പ്രയാസം അനുഭവപ്പെടുന്ന തരത്തിലുള്ള കഠിനമായ തൊണ്ടവേദനയായി മാറും.

രാത്രിയിൽ വിയർക്കുന്നത് : പനി ഇല്ലാത്തപ്പോൾ പോലും ഉറക്കത്തിൽ ശരീരം അമിതമായി വിയർക്കുന്നത് ഈ വകഭേദത്തിന്റെ ഒരു പ്രധാന സൂചനയായി കണക്കാക്കപ്പെടുന്നു. പല രോഗികളിലും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഈ ലക്ഷണം കണ്ടുവരുന്നു.

ക്ഷീണവും പേശീവേദനയും: വിട്ടുമാറാത്ത കഠിനമായ തളർച്ച, സന്ധിവേദന, വിറയലോടു കൂടിയ പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലക്ഷണങ്ങൾ മാറിയ ശേഷവും ക്ഷീണം കുറച്ചുദിവസം കൂടി നീണ്ടുനിൽക്കാം.

ദഹനപ്രശ്നങ്ങൾ: ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമെ മറ്റു ശാരീരിക പ്രശ്നങ്ങൾ ഈ വകഭേദത്തിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മണം, രുചി വ്യതിയാനങ്ങൾ: പഴയ വകഭേദങ്ങളെപ്പോലെ മണവും രുചിയും പൂർണ്ണമായി നഷ്ടപ്പെടുന്നത് ഈ വൈറസിൽ ശ്രദ്ധേയമാണ്.

സ്വയം ചികിത്സയിലെ അപകടങ്ങളും ശാസ്ത്രീയ ചികിത്സയും

ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു ഡോക്ടറെ കാണുന്നതിന് പകരം സ്വയം ചികിത്സയുടെ ഭാഗമായി മരുന്നുകൾ വാങ്ങി കഴിക്കുന്നത് അപകടകരമാണ്. അതുകൂടാതെ പലപ്പോഴും രോഗനിർണ്ണയം വൈകിക്കാനും രോഗം സങ്കീർണ്ണമാകാനും കാരണമാകും.

കൊവിഡ് ഒരു വൈറൽ ബാധയായതിനാൽ ഇതിനെതിരെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഒട്ടും ഫലപ്രദമല്ല. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയും ഭാവിയിൽ മരുന്നുകൾ ഫലിക്കാത്ത അവസ്ഥ (Antimicrobial Resistance) ഉണ്ടാക്കുകയും ചെയ്യും. പനിയും തൊണ്ടവേദനയും കണ്ടാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിവൈറൽ മരുന്നുകൾ കഴിക്കുക. പ്രായമായവർ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.

നിർദ്ദേശങ്ങൾ

പരിശോധനയും ജാഗ്രതയും: മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക. അതോടൊപ്പം തന്നെ മറ്റുള്ളവരിലേക്ക് പനി പടരാതിരിക്കാൻ ശ്രദ്ധിക്കണം.

ശുചിത്വ ശീലങ്ങൾ: പതിവായി കൈ കഴുകുന്നതിനു പുറമേ, സാനിറ്റൈസർ ഉപയോഗിക്കുന്നത് തുടരണം. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മാസ്ക് ധരിക്കുന്നത് വൈറസ് ശ്വസനത്തിലൂടെ പടരുന്നത് തടയാൻ വലിയ തോതിൽ സഹായിക്കും.

സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണങ്ങൾ ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ള വ്യക്തിയുമായി സംസാരിക്കേണ്ടി വന്നാൽ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

വായുസഞ്ചാരം ഉറപ്പാക്കുക: വീടിനുള്ളിലും ജോലിസ്ഥലത്തും ശരിയായ രീതിയിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക. ജനലുകളും വാതിലുകളും തുറന്നിടുന്നത് വൈറസിന്റെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും.

സിക്കാഡ വകഭേദം ഭീതി പരത്താനുള്ള ഒന്നല്ല, മറിച്ച് നാം കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. അനാവശ്യമായ ഭയത്തിന് പകരം ശാസ്ത്രീയമായ അറിവും ജാഗ്രതയുമാണ് നമുക്ക് വേണ്ടത് . ലക്ഷണങ്ങൾ അവഗണിക്കാതെ ഇരിക്കുകയും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.

ഡോ. സബ്ന.പി.പി.
സീനിയർ കൺസൾട്ടന്റ്, ഇന്റേണൽ മെഡിസിൻ
ആസ്റ്റർ മിംസ് കണ്ണൂർ

TAGS: HEALTH, LIFESTYLE HEALTH, HEALTH, CICADA COVID VARIANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.