
ഒരുകാലത്ത് മലയാളികൾ നെഞ്ചോട് ചേർത്ത കലാരൂപമായിരുന്നു കഥാപ്രസംഗം. ഒരാൾ കഥപറയുകയും ഒപ്പം പാടുകയും അഭിനയിക്കുകയും ചെയ്തുകൊണ്ട് സദസിനെ തന്നെ രസിപ്പിക്കുന്ന കഥാപ്രസംഗം ഇന്ന് പല ഉത്സവപറമ്പുകളിൽ നിന്നും അന്യം നിന്ന് പോയി. എന്നാൽ ആ കലയെ ഇന്നും ചേർത്തുപിടിക്കുന്ന നിരവധി കലാകാരന്മാറുണ്ട്.
അതിൽ തന്നെ കഥാപ്രസംഗത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഒരു കാഥികനാണ് എസ് ഷാജഹാൻ (61) എന്ന 'കാഥികൻ ഷാജി'. സ്റ്റേജുകളിൽ നിന്ന് പാടി അഭിനയിക്കുന്ന ഒന്നാണ് കഥാപ്രസംഗമെന്ന് നമ്മുക്കറിയാം. എന്നാൽ ചെറുപ്പത്തിൽ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ തളർന്നിട്ടും കഥാപ്രസംഗ വേദികളിലെ കരുത്താണ് കാഥികൻ ഷാജി.

മറ്റ് കാഥികരെ പോലെ നിന്ന് അല്ല അദ്ദേഹം കഥാപ്രസംഗം അവതരിപ്പിക്കുന്നത്. പകരം വീൽചെയറിൽ ഇരുന്ന് പാടിയും അഭിനയിച്ചുമാണ് അദ്ദേഹത്തിന്റെ അവതരണം. എന്നാൽ തന്റെ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ ഷാജി ഒട്ടും പിന്നിലല്ല. പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ ഗാന്ധിനഗർ ഷെഫിന മൻസിലിലാണ് ഷാജഹാൻ താമസിക്കുന്നത്. ഇപ്പോഴിതാ തന്റെ കഥാപ്രസംഗത്തിലെ നാൾവഴികൾ കേരള കൗമുദി ഓൺലെെനിനോട് പറയുകയാണ് ഷാജി.
സ്കൂളിൽ പഠിച്ചിട്ടില്ല
ഒന്നര വയസിൽ പോളിയോ ബാധിച്ചാണ് രണ്ടു കാലുകളും തളർന്നത്. 13-ാം വയസിൽ മദ്രസയിൽ ചേർത്തു. സ്കൂളിൽ പോകാതെ തന്നെ എഴുതാനും വായിക്കാനും പഠിച്ചു. പ്രസിദ്ധ കാഥികൻ വി സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടാണ് ഇതിലേക്ക് വരുന്നത്. ഞാൻ സ്കൂളിൽ പോയിട്ടില്ല. സ്കൂൾ വിദ്യാഭ്യാസമില്ലാത്ത ഒരാൾ ചെയ്യാൻ പറ്റുന്ന ഒന്നല്ല കഥാപ്രസംഗം.

മലയാള ഭാഷ നല്ല വ്യക്തമായി സംസാരിക്കാനും കെെകാര്യം ചെയ്യാനും കഴിയണം. അതിന് വേണ്ടി ഞാൻ എന്നെ സ്വയം തയാറാക്കി. 1984ലാണ് ഞാൻ കഥാപ്രസംഗ കലയിൽ എത്തിയത്. അന്ന് എനിക്ക് പത്തൊമ്പതോ ഇരുപതോ വയസ് മാത്രമേ ഉള്ളൂ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് മുന്നിൽ 1984ൽ അനീസ്യ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.
മടങ്ങി വരവ്
1984 മുതൽ 2004 വരെയുള്ള 20 വർഷം 200 ഓളം സ്റ്റേജുകളിൽ ഞാൻ കഥാപ്രസംഗം അവതരിപ്പിച്ചു. ജോൺ ഓഫ് ആർക്ക്, ശ്രീകോവിൽ, ജൂലി, നീതിപീഠം, ശിരസറ്റ സ്നേഹബന്ധം എന്നീ കഥകളും പല വേദികളിൽ അവതരിപ്പിച്ചു. പിന്നീട് കഥാപ്രസംഗത്തിൽ നിന്ന് ഞാൻ ഒരു ഇടവേളയെടുത്തു. 2024നാണ് കഥാപ്രസംഗ രംഗത്തേക്ക് മടങ്ങിവന്നത്. മൺമറഞ്ഞ കഥാപ്രസംഗത്തെ വീണ്ടും സജീവമാക്കി നിർത്താനാണ് എന്റെ ശ്രമം.

ഒരു വിഷമം മാത്രം
കഥാപ്രസംഗം നിന്ന് പറയുന്ന ഒന്നാണ്. എന്നാൽ ഞാൻ ഇരുന്നാണ് പറയുന്നത്. ഞാൻ വീണ്ടും വേദികളിൽ സജീവമായിട്ടും പലരും എന്നെപോലെ ഒരാൾ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് സംശയിക്കുന്നു. വേദികൾ തരാനും പലപ്പോഴും തയ്യാറാകുന്നില്ലെന്നത് എന്നെ വിഷമിപ്പിക്കുന്നുണ്ട്. കേരള സർക്കാരോ മറ്റ് സംഘടനകളോ എന്നെ ചേർത്ത് നിർത്താൻ തയ്യാറാക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അംഗപരിമിതരായ ആളുകളെ ചേർത്ത് നിർത്താൻ പലപ്പോഴും ഇത്തരം പ്രസ്ഥാനങ്ങൾ മറക്കുന്നു. ഇത് ഞങ്ങളുടെ ഒരു ഉപജീവനമാർഗം കൂടിയാണ്. എന്റെ സുഹൃത്തുക്കളാണ് സംഘത്തിലുള്ള മറ്റുള്ളവർ. കാർ വിളിച്ചാണ് ഞങ്ങൾ വേദികളിൽ എത്തുന്നത്. ഇനിയും നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ജനം അതിന് കൈതാങ്ങ് ആകുമെന്ന് കരുതുന്നു.
കാഥികൻ ഷാജിയുടെ ഫോൺ നമ്പർ: 9946136847,7012639082.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |