
മറയൂർ: ഇടുക്കിയിലെ ആനക്കാൽപെട്ടി ചിന്നവരയിൽ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ് തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലിൽ ചുറ്റി. കാലിൽ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റികിടക്കുന്നത് കണ്ടത്.
ഉടൻ സ്ത്രീ കനാലിൽ നിന്ന് കയറിയോടെ മൂർഖൻ പിടിവിട്ട് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീടിന്റെ അടിത്തറയിലെ കല്ലിനിടയിൽ കയറി. പിന്നാലെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മറയൂരിൽ നിന്ന് ആർആർടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. മൂർഖനെ ചിന്നാർ വനത്തിൽ തുറന്നുവിട്ടു.
അതേസമയം, ചൂട് കൂടിയതിനപ്പുറം മുട്ടയിടാനും പ്രസവിക്കാനുമായി വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്തുന്നുണ്ട്. അടുത്തിടെ കൊല്ലം ഉമയനല്ലൂരിലെ വീട്ടിൽ നിന്ന് മൂർഖനെയും പരവൂർ നിന്ന് ശംഖുവരയനെയും വനംവകുപ്പ് റെസ്‌ക്യൂ ടീം പിടികൂടിയിരുന്നു.
വേനൽ അവധിക്കാലമായതിനാൽ കുട്ടികൾ വീട്ടുമുറ്റങ്ങളിൽ കളിക്കുമ്പോൾ കൂടുതൽ കരുതൽ വേണം. കാലാവസ്ഥാ മാറ്റം പാമ്പുകളെ ബാധിച്ചിട്ടുണ്ടെന്നാണ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. സാധാരണ ഒക്ടോബർ -നവംബർ മാസത്തിലാണ് ഇണചേരുന്നത്. ഫെബ്രുവരിയിൽ മുട്ടയിടും. എന്നാലിപ്പോൾ അതിലും മാറ്റം വന്നു. നിലവിൽ ഫെബ്രുവരി വരെ പാമ്പുകൾ ഇണചേരാറുണ്ട്. ഏപ്രിലിൽ മുട്ട വിരിയാനോ പ്രസവിക്കാനോ സാദ്ധ്യത കൂടുതലാണ്.
വിറകുപുരകൾ, അടുക്കി വച്ചിരിക്കുന്ന ഓട് അല്ലെങ്കിൽ കല്ലുകൾ, തുണി, ചവറുകൾ കൂട്ടിയിട്ടിരിക്കുന്നിടങ്ങളായിരിക്കും ഇവ തിരഞ്ഞെടുക്കുക. സന്ധ്യാസമയത്തും രാത്രിയിലും പുലർച്ചെയുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ചിലനേരങ്ങളിൽ സൂര്യപ്രകാശം ഏൽക്കാനും പാമ്പുകൾ പുറത്തിറങ്ങാറുണ്ടെന്നാണ് റെസ്ക്യൂ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |