
തൃശൂർ: പള്ളിയിലെത്തിയാൽ കുർബാനയ്ക്കും പ്രാർത്ഥനകൾക്കും കാർമ്മികൻ. പുറത്തിറങ്ങിയാൽ നാടോടി നർത്തകൻ. സെമി ക്ലാസിക് നൃത്തത്തിലും താരം. ഇതുകണ്ട്, തൃശൂർ മാടക്കത്തറ പള്ളി വികാരി ഫാ. അജിത് ചിറ്റിലപ്പിള്ളിയോട് 'എന്തിനാ അച്ചൻ പട്ടത്തിന് പോയതെന്ന് ചോദിച്ചാൽ" ഉത്തരം റെഡി. ' പള്ളികളിൽ നാടോടിനൃത്തവും സെമി ക്ലാസിക്കലും നാടകങ്ങളുടെ കൊറിയോഗ്രാഫിയും പഠിച്ച നിരവധി കുട്ടികളുണ്ട്, 50 വയസ് പിന്നിട്ട വീട്ടമ്മമാരും. അവർക്കെല്ലാം കലയുടെ പാഠങ്ങൾ നൽകാനായത് ഭാഗ്യമല്ലേ..."
നാലുവയസിൽ ആക്‌ഷൻ സോംഗ് പഠിപ്പിച്ച അമ്മയാണ് വഴികാട്ടി. അമ്മ പഠിപ്പിച്ച ചുവടുകൾക്ക് നിറഞ്ഞ കൈയടി ലഭിച്ചപ്പോൾ നൃത്തം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കലാലയം സുബ്രഹ്മണ്യൻ, കുട്ടൻ മാസ്റ്റർ തുടങ്ങിയവരിൽ നിന്ന് പരിശീലനം നേടി.
ദൈവവിളി കേട്ടിട്ടും
ചിലങ്കകെട്ടി
ജില്ലാസ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം. സെന്റ് തോമസ് സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴും വേദികളിൽ സജീവം. അമല മെഡിക്കൽ കോളേജിൽ ജി.എൻ.എം നഴ്‌സിംഗിന് പഠിക്കുമ്പോൾ നഴ്‌സുമാർക്കിടയിൽ താരം. പഠനം കഴിഞ്ഞ് ലണ്ടനിൽ പോകാനൊരുങ്ങുമ്പോഴാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥ വായിക്കുന്നത്. അതു ദൈവവിളിയിലേക്ക് നയിച്ചു. സെമിനാരിയിലേക്ക് പോകാനൊരുങ്ങുമ്പോൾ ചിലങ്ക അഴിച്ചുവയ്‌ക്കേണ്ടി വരുമെന്ന് പലരും പറഞ്ഞു. പക്ഷേ, ചിലങ്ക കെട്ടി, നൃത്താവതരണം തുടർന്നു. ബൈബിൾ കലോത്സവങ്ങളിലും മറ്റും നാടോടിനൃത്തവും സംഘനൃത്തവും ചിട്ടപ്പെടുത്തി. കെ.ജി വിദ്യാർത്ഥികൾ മുതൽ പഠിക്കാനെത്തി. ക്രിസ്ത്യൻ കഥാസന്ദർഭങ്ങൾക്ക് ഭരതനാട്യവും നാടോടി നൃത്തവും ചിട്ടപ്പെടുത്തി. ആറുവർഷം മുമ്പ് അച്ചൻ പട്ടം ലഭിച്ചു. തൃശൂർ അരമനയിലെ സഭാകോടതിയിൽ നോട്ടറിയാണ്. തിരൂരിൽ ആയുർവേദ തെറാപിസ്റ്റായിരുന്ന ഫ്രാൻസിസിന്റെയും വത്സയുടെയും മകനാണ്. സഹോദരി വിവാഹിതയാണ്.
കലകൾ ദൈവികമാണ്. മനുഷ്യന്റെ നന്മയ്ക്കും സന്തോഷത്തിനുമായി അത് ഉപയോഗിക്കണം. ശരീരത്തെയും മനസിനെയും അത് നവീകരിക്കും.
- ഫാ. അജിത് ചിറ്റിലപ്പിള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |