
ജാതിയും മതവും ദൈവവും നമ്മുടെ ജീവിതക്രമങ്ങളെയും സാമൂഹ്യക്രമങ്ങളെയും നിയന്ത്രിക്കുന്ന അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്ന കാലമാണ് ഇത്. കുലവും ജാതിയും നിറവും വർഗവും വർണവുമൊക്കെ നോക്കി മനുഷ്യനെ അളന്നിരുന്ന പഴയ അളവുകോലുകൾ ഇന്ന് പ്രത്യക്ഷത്തിൽത്തന്നെ പുറത്തെടുത്ത് പൊതുമദ്ധ്യത്തിൽ നന്നായി രാകി മൂർച്ചകൂട്ടി പാകപ്പെടുത്തുന്നു. പരിഷ്കൃത സമൂഹമെന്ന് മേനി പറയുന്ന നമ്മൾ ഈ കെട്ടകാലത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
രോഹിത് വെമുല മുതൽ നിതിൻരാജ് വരെ എത്രയെത്ര പേരുകൾ! ജാത്യധിക്ഷേപം ചൊരിയുന്നത് അദ്ധ്യാപക സമൂഹത്തിനാകെ അപമാനമായ ചില കപട അദ്ധ്യാപകർ മാത്രമല്ല. അത്തരക്കാർ ഇതര മേഖകളിലുമുണ്ട്. അതിക്രൂരമായ ജാതിവിവേചനത്തിന് ഇരയാക്കപ്പെട്ട, നിസ്സഹായരായ എത്രയോ മനുഷ്യ ജന്മങ്ങൾ! ആത്മാവിൽ മുറിവേറ്റവരായി അപമാനഭാരത്താൽ ആത്മഹത്യയിൽ ഒടുങ്ങുന്നവർ മാത്രം വാർത്തകളിലെത്തുന്നു. ശേഷിക്കുന്നവർ ജീവിക്കുന്ന രക്തസാക്ഷികളായി വിസ്‌മൃതിയിൽ ആഴുന്നു.
നിശ്ശബ്ദതയിലാണ്ട സമൂഹം, സാംസ്‌കാരിക നായകർ, സംഘടനകൾ... സാക്ഷരതയുടെയും സംസ്ക്കാര സമ്പന്നതയുടെയും ഔന്നത്യമുള്ള നാട്ടിൽ ഇവരൊക്കെ നിശബ്ദസാക്ഷികൾ മാത്രമായിത്തീരുന്നതാണ് അദ്ഭുതം. നവോത്ഥാനത്തിന്റെ ഈറ്റില്ലമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജാതിചിന്ത പേറുന്ന പുഴുക്കുത്തേറ്റ മനസുകൾ ഇപ്പോഴും നിറഞ്ഞാടുന്നു എന്നത് വാർത്തമാനകാലത്തെ മഹാദുരന്തമാണ്.
നിതിൻ രാജ് എന്ന. നിരാലംബനും ദരിദ്രനുമായ ഒരു പാവം കുട്ടിയെ നിരന്തരം പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ട ആ കൊലയാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആ 'മഹദ്‌വ്യക്തികളെ" പൊതുസമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുക കൂടി വേണം. ലോകത്തിനു മുന്നിൽ കേരളത്തെ നാണംകെടുത്തി തലകുനിപ്പിച്ച ആ നരാധമരെ കേരളീയർ മുഴുവൻ കാണട്ടെ. ഒരുപാട് കാപട്യ ങ്ങൾക്കുള്ളിലാണ് നാം നമ്മുടെ സാംസ്‌കാരികബോധത്തെ പണിതു വച്ചിരിക്കുന്നത്. ലോകത്തിനു മുന്നിൽ നമ്മൾ ഊറ്റം കൊള്ളുന്ന സാമൂഹ്യ മുന്നേറ്റങ്ങൾ പലതും കപടതയുടെ മുഖംമൂടിയണിഞ്ഞാണ് ഇന്ന് മുന്നോട്ടു നീങ്ങുന്നത്.
രോഹിത് വെമുലയുടെ അവസാന കുറിപ്പിലെ വരികളിൾ ഇന്നും നമ്മെ മുറിവേല്പിക്കുന്നു- My birth is my fatal accident! തന്റെ ജനനം ദുരന്തമെന്ന് ഒരു കുട്ടിക്ക് പറയേണ്ടി വരുമ്പോൾ, ജാതിയും നിറവുമൊക്കെയാണ് അതിന് കാരണമെന്നു വരുമ്പോൾ അവൻ അനുഭവിച്ച മാനസികവ്യഥ അളന്നു തിട്ടപ്പെടുത്തുവാൻ ഏതു മാപിനിക്കാണ് കഴിയുക? സമൂഹവും വിദ്യാലയങ്ങളും ചിലർക്ക് സ്വപ്നങ്ങളും പ്രത്യാശയും നൽകുമ്പോൾ മറ്റു ചിലർക്കു നൽകുന്നത് അപമാനവും അവഹേളനവും മാത്രം! നിതിൻ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല; ഇതൊരു പാറ്റേൺ ആണ്. ഒരു സംവിധാനത്തിന്റെ ഭാഗം. നിതിൻ രാജിന്റേത് ആത്മഹത്യയല്ല; സ്ഥാപനവൽകൃത കൊലയാണ്. രോഹിത് വെമുലയും നിതിൻരാജും നമ്മോടു ചോദിക്കുന്നു: ഇനിയും എത്രപേർ?
(സംസ്ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനാണ് നടൻ കൂടിയായ ലേഖകൻ. ഫോൺ: 94474 99449)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |