
സംസ്ഥാനത്ത് ഭൂമി കാത്ത് സംരംഭകർ
തിരുവനന്തപുരം: ലോജിസ്റ്റിക്സ് പാർക്കുകൾക്കടക്കം സംരംഭകർക്ക് ഭൂമിയേറ്റെടുത്ത്
നൽകുന്നതിൽ കേരളം മെല്ലെപ്പോക്ക് തുടരവേ, വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണം നേടിയെടുക്കാൻ അതിവേഗ നടപടികളുമായി തമിഴ്നാട്. സമീപജില്ലകളിലായി ഡസനിലേറെ വ്യവസായ പാർക്കുകൾക്കായി ആയിരക്കണക്കിന് ഏക്കർ ഭൂമിയേറ്റെടുത്തു. സംരംഭകർക്ക് ഏക്കറിന് 30 ലക്ഷംരൂപ നിരക്കിൽ 99വർഷത്തേക്ക് ഭൂമി പാട്ടത്തിനും നൽകുന്നു. വിഴിഞ്ഞത്ത് നിക്ഷേപിക്കാൻ എത്തുന്നവരെയാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്.
നാലുവരിപ്പാത, റെയിൽകണക്ടിവിറ്റി, വൈദ്യുതി, മാലിന്യസംസ്കരണ സംവിധാനമടക്കം ലോജിസ്റ്റിക്സ് പാർക്കുകളിൽ തമിഴ്നാട് സജ്ജമാക്കി. അതേസമയം, സംസ്ഥാനത്ത് സംരംഭകർ ഭൂമിക്കായി കാത്തിരിക്കുകയാണ്. നിക്ഷേപമിറക്കാൻ 50ലേറെ സംരംഭകരാണ് തുറമുഖകമ്പനിയെ സമീപിച്ചിട്ടുള്ളത്. 600ഏക്കറോളം സ്ഥലമാണ് അവർക്ക് വേണ്ടത്.
കണ്ടെയ്നർ കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽകോർപ്പറേഷൻ, കേന്ദ്രവെയർഹൗസിംഗ് കോർപ്പറേഷൻ എന്നിവയ്ക്ക് നൂറേക്കറിലേറെ ഭൂമിവേണമെങ്കിലും 20ഏക്കർ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. 810കോടി ചെലവിൽ 230ഏക്കർ ഭൂമിയേറ്റെടുക്കാൻ സർക്കാർ തത്വത്തിൽ അനുമതിനൽകിയെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് ഭൂമിയെടുക്കാൻ ആറുമാസം വേണ്ടിവരും. കഴിഞ്ഞവർഷം നടത്തിയ വിഴിഞ്ഞം കോൺക്ലേവിൽ നിക്ഷേപവാഗ്ദാനം നടത്തിയവർക്കും ഭൂമിലഭ്യമാക്കാനാവുന്നില്ല.
ഉടനടി ഒരുക്കേണ്ടത്
ലോജിസ്റ്റിക്സ് സൗകര്യം
1.തുറമുഖത്തിന്റെ ഗുണം കേരളത്തിന് കിട്ടാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. ലോജിസ്റ്റിക്സ്, കണ്ടെയ്നർ, വ്യവസായ പാർക്കുകൾ സജ്ജമാക്കണം
2.ലോജിസ്റ്റിക്സ് പാർക്കിനും വെയർഹൗസിനും കുറഞ്ഞത് അഞ്ചേക്കറും വ്യവസായ പാർക്കുകൾക്ക് 50-100 ഏക്കർവരെയും വേണം. സംരംഭകർ നേരിട്ട് ശ്രമിക്കുമ്പോൾ സെന്റിന് 15ലക്ഷം വരെയാണ് വില
3.വ്യവസായ വികസനം വരുന്നതോടെ നേരിട്ട് പതിനായിരംപേർക്ക് തൊഴിലവസരമുണ്ടാകും. പരോക്ഷതൊഴിൽ ഇതിന്റെ പതിന്മടങ്ങ്.
വ്യവസായ പാർക്കുകൾ
സജ്ജമാക്കി തമിഴ്നാട്
കന്യാകുമാരി,തെങ്കാശി,മധുര,തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെല്ലാം വ്യവസായപാർക്കുകൾ സജ്ജമാക്കുകയാണ് തമിഴ്നാട്. കുറേയെണ്ണം പ്രവർത്തനംതുടങ്ങി. വിഴിഞ്ഞം തുറമുഖത്തിന് 150കി.മീ അകലെയുള്ള നങ്കുനേരിയിൽ നാല് വ്യവസായ പാർക്കുകൾക്കായി 2260ഏക്കർ ഏറ്റെടുത്തു. മുലകരൈപ്പട്ടിയിൽ 1060 ഏക്കർ വ്യവസായ പാർക്കിനായി ഏറ്റെടുത്തു. മറ്റ് രണ്ടിടങ്ങളിലായി 2000ഏക്കർ ഏറ്റെടുക്കുന്നത് അന്തിമഘട്ടത്തിലാണ്. ഭൂമിലഭ്യതയേറെയുള്ളതും വില കുറവായതും കാരണം തമിഴ്നാട്ടിൽ സ്ഥലമെടുപ്പ് എളുപ്പമാണ്.
''തമിഴ്നാട് പതിനായിരക്കണക്കിന് ഏക്കർ ഭൂമിയേറ്റെടുത്തു. ഇതെല്ലാം വിഴിഞ്ഞത്തിന് 100-150 കി.മീ അടുത്താണ്. വിഴിഞ്ഞത്തുനിന്ന് കയറ്റുമതി നടത്തേണ്ട വിൻഫാസ്റ്റ് കാർകമ്പനി തൂത്തുക്കുടിയിലേക്ക് പോയി. ഇവിടെ ഭൂമിയേറ്റെടുക്കൽ മന്ദഗതിയിലാണ്. ചേംബർ ഒഫ് കോമേഴ്സ് 1600 ഏക്കർ കണ്ടെത്തിയിട്ടുണ്ട്
-എസ്.എൻ.രഘുചന്ദ്രൻ നായർ,
പ്രസിഡന്റ്, ചേംബർഒഫ് കോമേഴ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |