
ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തെ എതിർക്കുന്ന പ്രതിപക്ഷത്തെ ഇന്നലെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. സീറ്രുകൾ വർദ്ധിച്ചാൽ എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതാ പ്രാതിനിദ്ധ്യവും കൂടും. എസ്.സി/എസ്.ടി ക്വാട്ട വർദ്ധിക്കുന്നതിനെയും കൂടിയാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് ചർച്ചയ്‌ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
സ്ത്രീകളുടെ കോപം പ്രതിപക്ഷം താങ്ങില്ലെന്ന് ബിൽ പരാജയപ്പെട്ട ശേഷം അദ്ദേഹം എക്‌സ് അക്കൗണ്ടിൽ പ്രതികരിച്ചു. 33% സംവരണമെന്നത് വനിതകളുടെ അവകാശമാണ്. കോൺഗ്രസും കൂട്ടാളികളും ചേർന്ന് അതില്ലാതാക്കി ആഘോഷിക്കുകയാണ്. സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണത്. മോദി സർക്കാർ എന്തു കാര്യം കൊണ്ടുവന്നാലും എതിർക്കുകയാണ്. നാരീശക്തിയോടുള്ള ഈ അപമാനം ഇവിടെ അവസാനിക്കില്ല. അത് വളരെ ദൂരം സഞ്ചരിക്കും. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാ സ്ഥലത്തും പ്രതിപക്ഷം സ്ത്രീകളുടെ കോപം നേരിടേണ്ടിവരുമെന്നും പറഞ്ഞു
ശ്രമിച്ചത് തിരഞ്ഞെടുപ്പ്
ഭൂപടം മാറ്റാൻ: രാഹുൽ
രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്രാനും, സ്ത്രീ സംരക്ഷകനാണെന്ന് വരുത്താനുമാണ് മോദി ഇപ്പോൾ ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
ഇത് വനിതാ സംവരണ ബിൽ അല്ല. സ്ത്രീ ശാക്തീകരണവുമായി ബന്ധവുമില്ല. വനിതകളുടെ അവകാശത്തിന്റെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പുകൾ അനുകൂലമാക്കാനുള്ള ശ്രമം. 2023ൽ വനിതാ സംവരണ ബിൽ പാസാക്കിയിരുന്നു. അതു നടപ്പാക്കൂ. പിന്തുണയ്‌ക്കാം.
സഭയെ പ്രക്ഷുബ്ദ്ധമാക്കി
ജാലവിദ്യക്കാരൻ പരാമർശം
മോദിയെ സൂചിപ്പിച്ച് രാഹുൽ നടത്തിയ ജാലവിദ്യക്കാരൻ പരാമർശം സഭയിൽ വലിയ ഒച്ചപ്പാടിനിടയാക്കി. ബലാകോട്ടിലെയും, നോട്ടുനിരോധനത്തിലെയും, ഓപ്പറേഷൻ സിന്ദൂറിലെയും ജാലവിദ്യക്കാരനെന്ന് രാഹുൽ കളിയാക്കിയപ്പോൾ ഭരണപക്ഷം ഒന്നാകെ എതിർത്തു. സ്‌പീക്കർ ഓം ബിർളയ്‌ക്ക് പലതവണ ഇടപെടേണ്ടി വന്നു. പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. പരാമർശങ്ങൾ സ്‌പീക്കർ സഭാ രേഖകളിൽ നിന്നു നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |