
ന്യൂഡൽഹി: നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. പാസാകാൻ 352 വോട്ട് വേണമായിരുന്നു.
രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളെ ഓർത്ത് ബിൽ പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ അഭ്യർത്ഥിച്ചിരുന്നു.
ഭരണഘടനയുടെ 131-ാം ഭേദഗതിയായിട്ടാണ് നാരീശക്തി വന്ദൻ അധിനിയമത്തിൽ ഭേദഗതിക്ക് കേന്ദ്രം ശ്രമിച്ചത്. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമായിരുന്നു. നിലവിലുള്ള 540 അംഗങ്ങളിൽ 528 പേർ വോട്ടുചെയ്‌തു.
'ഇന്ത്യ" മുന്നണിയിൽ അടുത്ത കാലത്തെങ്ങും കാണാത്ത ഐക്യമാണ് ബില്ലിനെതിരെ കണ്ടത്. ബില്ലിന്റെ ഭാഗമായ മണ്ഡല പുനർനിർണയത്തെയാണ് എതിർത്തത്. 2023ലെ വനിതാസംവരണ നിയമം നിലവിലെ ലോക്‌സഭാ സീറ്റുകളുടെ (543) അടിസ്ഥാനത്തിൽ നടത്തണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. മണ്ഡല പുനർനിർണയം 2029ലും അധികാരം പിടിക്കാനുള്ള മോദി സർക്കാരിന്റെ അടവാണെന്ന് നിലപാടെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്ന് വാദിച്ചു.
ദക്ഷിണേന്ത്യയിലും സീറ്റുകൾ വർദ്ധിക്കുകയേ ഉള്ളൂവെന്ന് കണക്കുകൾ സഹിതം ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണ-പ്രതിപക്ഷത്തിന്റെ രൂക്ഷ വാക്പോരാണ് ഇന്നലെ കണ്ടത്. മോദി ജാലവിദ്യക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് വൻ ബഹളത്തിനിടയാക്കി.
രണ്ട് ബില്ലുകൾ പിൻവലിച്ചു
ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനാൽ അതിനൊപ്പമുള്ള മണ്ഡല പുനർനിർണയം, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കൽ ബില്ലുകൾ കേന്ദ്രം പിൻവലിച്ചു
ബിൽ ലോക്‌സഭ കടക്കാത്തതിനാൽ പ്രത്യേക സഭാസമ്മേളനം ഇന്നലെ അവസാനിപ്പിച്ച് പിരിഞ്ഞു. സഭയിൽ മോദി സർക്കാരിന്റെ ആദ്യ പരാജയമാണിത്
ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ എൻ.ഡി.എയിലെ വനിതാ എം.പിമാർ പാർലമെന്റിനു പുറത്ത് പ്രകടനം നടത്തി
സ്ത്രീ വിരുദ്ധരെന്ന്
പ്രചാരണത്തിന് ബി.ജെ.പി
1. പ്രതിപക്ഷം സ്ത്രീവിരുദ്ധരാണെന്ന് ബി.ജെ.പി രാജ്യവ്യാപക പ്രചാരണം നടത്തും
2. പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടപ്പ് പ്രചാരണത്തിന് ആയുധമാക്കും
3. 2027ൽ പ്രസിദ്ധീകരിക്കുന്ന സെൻസസ് പ്രകാരമേ ഇനി മണ്ഡല പുനർനിർണയം സാദ്ധ്യമാകൂ
4. ഏപ്രിൽ 16 മുതൽ 2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കി
കോടിക്കണക്കിന് സ്ത്രീകൾ എല്ലാം കാണുന്നുണ്ട്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ഓർത്ത് എല്ലാ എം.പിമാരും മനഃസാക്ഷി വോട്ടു രേഖപ്പെടുത്തണം
(പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്നലെ ലോക്‌സഭയിൽ)
സ്ത്രീകളുടെ പേരുപറഞ്ഞ് ഭരണഘടനാ വിരുദ്ധമായ തന്ത്രങ്ങൾ പ്രയോഗിക്കാൻ മോദി സർക്കാർ ശ്രമിച്ചു. 'ഇന്ത്യ" മുന്നണി അതുതടഞ്ഞു.
- രാഹുൽ ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |