
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഇറക്കിയ സർക്കുലറിലെ വിചിത്ര നിർദ്ദേശങ്ങൾ വിവാദമായി.
ചൊവ്വാഴ്ച രാവിലെ 10.30ന് സർവകലാശാലാ യൂട്ടിലിറ്റി ഹാളിൽ നടക്കുന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ എത്തുന്നത്. വൈസ് ചാൻസലർ സിസ തോമസിന്റെ 10 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറിലെ നാലാമത്തെയും ഏഴാമത്തെയും നിർദ്ദേശങ്ങളാണ് വിവാദമായത്. അനാവശ്യ ചലനങ്ങൾ, ആംഗ്യങ്ങൾ, സംസാരം എന്നിവയും മൊബൈൽ ഫോണും ഒഴിവാക്കണമെന്നാണ് നാലാം നിർദ്ദേശം. ഗവർണറുടെ പ്രസംഗം അവസാനിച്ചാൽ നിയന്ത്രിതമായ കൈയടിയിലൂടെ ആദരവ് രേഖപ്പെടുത്തണമെന്നതാണ് ഏഴാം നിർദ്ദേശം.
സർവകലാശാലയിലെ എല്ലാ ജീവനക്കാരും അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഗവർണർ എത്തുമ്പോഴും തിരികെ പോകുമ്പോഴും എല്ലാവരും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം. പ്രസംഗസമയത്ത് പൂർണ്ണ നിശബ്ദത പാലിക്കണം. ഗവർണറുടെ അടുത്തേക്കോ വേദിയിലേക്കോ അനുവാദമില്ലാതെ പ്രവേശിക്കരുത്. ഗവർണർ എത്തിക്കഴിഞ്ഞാൽ പരിപാടി തീരുന്നതുവരെ ഹാൾ വിട്ടു പുറത്തുപോകരുത് എന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളും സർക്കുലറിലുണ്ട്.
സർക്കുലർ വിവാദമായതോടെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഇടപെട്ടു, സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |