കൊച്ചി:മൂന്നാർ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്നതിൽ ഇടുക്കി ജില്ലാ കളക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.ലൈസൻസില്ലാത്തതിനാൽ പ്രവർത്തനം നിറുത്താനാവശ്യപ്പെട്ട് കളക്ടർ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.ഇതിനെതിരെ നടത്തിപ്പുകാരായ നിയോനോവ മൂന്നാർ കമ്പനി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.ഗ്ലാസ് ബ്രിഡ്ജിന് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.കോഴിക്കോട് എൻ.ഐ.ടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ,പാലം സുരക്ഷിതമാണെന്നും പ്രവർത്തിപ്പിക്കാമെന്നും വ്യക്തമാക്കി അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ കത്തു നൽകിയിട്ടുണ്ടെന്ന് ഹർജിക്കാർ വാദിച്ചു.സിംഗിൾബെഞ്ചിന്റെ ഉത്തരവിന് ശേഷം ഏപ്രിൽ 16നാണ് കത്ത് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് ബന്ധപ്പെട്ട കക്ഷികളെ കേട്ട ശേഷം കളക്ടർ തീരുമാനമെടുക്കാൻ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |