
കോഴിക്കോട്: കരിങ്കല്ലിനും എം സാൻഡിനുമുൾപ്പെടെ കടുത്ത ക്ഷാമം തുടരുന്നതിനാൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിൽ പകുതി പോലും കിട്ടാത്ത സ്ഥിതി. കിട്ടുമ്പോൾ തീവിലയും. ഇതോടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴുന്നു. പലരുടെയും വീട് നിർമ്മാണം പാതിവഴിയിലുമാണ്.
വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവരാണ് കൂടുതൽ വെട്ടിലായത്. കിട്ടിയ വായ്പാ തുകയിൽ ഭൂരിഭാഗവും നിർമ്മാണ സാമഗ്രികൾക്ക് ചെലവാക്കേണ്ട സ്ഥിതിയാണ്. അതേസമയം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി കരിങ്കൽ ഉത്പ്പന്നങ്ങളെത്തുന്നുണ്ട്. കാസർകോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് എത്തുന്നത്. ഇതേത്തുടർന്ന് സംസ്ഥാന സർക്കാരിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് ക്വാറി, ക്രഷർ ഉടമകൾ പറയുന്നു.
കേരളത്തിൽ ക്വാറികൾക്ക് അനുമതി നൽകാത്തതാണ് പ്രശ്നം. ഉള്ളവയ്ക്ക് പരിസ്ഥിതി ക്ളിയറൻസ് കിട്ടാനും ബുദ്ധിമുട്ടാണ്. മുൻപ് ജില്ലാതലത്തിൽ അനുമതി കിട്ടിയിരുന്നത് ഇപ്പോൾ സംസ്ഥാനതലത്തിലും കേന്ദ്രസർക്കാർ തലത്തിലും വരെ പോകേണ്ട സ്ഥിതിയാണ്. ഒച്ചിന്റെ വേഗതയിലാണ് ഫയൽ നീക്കം. പഞ്ചായത്തിന് നൽകേണ്ട ലെെസൻസ് ഫീസ് 5000 മുതൽ 10,000 രൂപവരെയായിരുന്നത് ഇപ്പോൾ 50,000 മുതൽ ഒരു ലക്ഷം വരെയാണ്. ഇതോടെ ചെറുകിട ക്വാറികളിൽ പലതും പൂട്ടി. വൻകിടക്കാർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. അവരാകട്ടെ വില തോന്നുംപടി കൂട്ടുന്നു.
മൂന്നിരട്ടി വില വർദ്ധന
കരിങ്കല്ല്, എം സാന്റ് തുടങ്ങിയവയുടെ വിലയിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായി. കരിങ്കല്ല് ലോഡിന് 3000- 5,500 വിലയുണ്ടായിരുന്നത് ഇപ്പോൾ 8,000- 10,000 വരെയെത്തി. ജില്ലയിലുള്ളത് രണ്ട് ക്വാറികളാണെന്ന് കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെ.എം.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് എം.കെ ബാബു പറഞ്ഞു.
പ്രതിദിനം അനധികൃത കടത്ത് ശരാശരി 2,000 ലോഡ്
സർക്കാരിന് വരുമാന നഷ്ടം ഏകദേശം 15 കോടി
മേഖലയിൽ തൊഴിലാളികൾ 30 ലക്ഷം
സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകൾ (വർഷം എണ്ണം)
2015-16.... 3,476
2023-24....561
ഇപ്പോൾ 100ൽ താഴെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |