
ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ റേഷൻ വിതരണത്തിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷൻചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മനെത്തി. ഇടമലക്കുടി ഗിരിജൻ സൊസൈറ്റി സെക്രട്ടറിയുടെ പേരിൽ ലൈസൻസുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി ഉന്നതികളിലെ റേഷൻ കടകളിൽ കൂടി വിതരണം ചെയ്യേണ്ട 64,000 കിലോ അരിയാണ് കാണാതെയായത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ റേഷൻ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
റേഷൻ കടകളുടെ ലൈസൻസിക്കെതിരെ യഥാസമയം നടപടി സ്വീകരിക്കുന്നതിൽ ജില്ലാ സപ്ലൈ ഓഫീസർ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവർക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി കമ്മിഷന് ബോദ്ധ്യപ്പെട്ടു. ഫെബ്രുവരി മുതൽ ചുമതലയുണ്ടായിരുന്ന ജില്ലയിലെ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ആർ. സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജെമി ജോസ് എന്നിവർക്കെതിരെയും കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകും. ലൈസൻസിക്കും മറ്റ് കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകും. ഭക്ഷ്യധാന്യം ലഭിക്കാതെ പോയ ഗുണഭോക്താക്കളെ പഞ്ചായത്തുമായി ചേർന്ന് അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാക്കാൻ കമ്മിഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |