കൊച്ചി: നിയന്തണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി റിട്ടെയിൽ സ്റ്റോർ ജീവനക്കാരന് ഗുരുതരപരിക്ക്. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ പ്ലാറ്റിനോ റിട്ടെയിൽ സ്റ്റോറിന് മുന്നിൽ ഇന്നലെ രാവിലെ 9.50നായിരുന്നു അപകടം.
സ്റ്റോറിലെ ജീവനക്കാരൻ തിരുവനന്തപുരം കരമന സ്വദേശി ബി. പ്രദീപ്കുമാറിനാണ് (48) മുഖത്തും തലയ്ക്കും പരിക്കേറ്റത്, പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് മുഖത്തെ അസ്ഥികൾക്ക് പൊട്ടലും തലയ്ക്ക് രക്തസ്രാവവുമുണ്ട്.
കാർ റോഡരികിലെ പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് നടപ്പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. പോസ്റ്റിന് 10 മീറ്റർ മാറിയാണ് പ്രദീപ്കുമാറിനെ ഇടിച്ചത്.
കാർ ഓടിച്ചിരുന്ന എറണാകുളം അരങ്ങത്ത് ക്രോസ്‌റോഡിൽ ബിലാൽ അബ്ദുൾ സുഹൈൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളും ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാർ തകർന്നു. മുന്നിലെ ചില്ലുൾപ്പെടെ ഇളകിത്തെറിച്ചു. പാലാരിവട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |