കോട്ടയം: ബി.ടെക് വിദ്യാർത്ഥികൾക്ക് 5 മാർക്ക് ദാനം ചെയ്ത വിവാദ തീരുമാനം ഇന്നലെ ചേർന്ന എം.ജി.സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം റദ്ദാക്കി.
തീരുമാനം പുന:പരിശോധിക്കണമെന്ന് സർക്കാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഇന്നലെ
അടിയന്തര സിൻഡിക്കേറ്റ് ചേർന്നത്. പ്രശ്നത്തിൽ ഗവർണറുടെ ഇടപെടലുണ്ടാവുമെന്നതും ,തിങ്കളാഴ്ച നിയമസഭ സമ്മേളിക്കുന്നതും കണക്കിലെടുത്തായിരുന്നു സർക്കാർ നിർദ്ദേശം.മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷം ശക്തമായ കടന്നാക്രമണം നടത്തിവരുകയുമാണ്.
യശസ്സ് കാക്കാനെന്ന് സർവകലാശാല
വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് യാതൊരു നിക്ഷിപ്ത താൽപര്യവുമില്ലാതെ ഏപ്രിൽ 30ന് കൈക്കൊണ്ട തീരുമാനം പിൻവലിക്കുന്നത് സർവകലാശാലയ്ക്കു മേൽ സംശയത്തിന്റെ നിഴലിൽ പോലും വീഴാതിരിക്കാനാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
മോഡറേഷൻ ആവശ്യപ്പെട്ട് 2016 മുതൽ നിരവധി ബി.ടെക് വിദ്യാർത്ഥികൾ സർവകലാശാലയെ സമീപിച്ചിരുന്നു. നേരിയ മാർക്കിന്റെ കുറവുകൊണ്ട് ബി.ടെക് പഠനം പൂർത്തീകരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതി പരിഗണിച്ചത്. ബി.ടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാർത്ഥികൾക്ക് നിലവിൽ നൽകിയിരിക്കുന്ന മോഡറേഷനോട് കൂടിയ മാർക്കിനു പുറമേ പരമാവധി 5 മാർക്കുകൂടി സിൻഡിക്കേറ്റ് മോഡറേഷനായി നൽകുന്നതിന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. . ഇതിന്റെ അടിസ്ഥാനത്തിൽ ഒക്‌ടോബർ 17 വരെ 119 വിദ്യാർത്ഥികൾ ബി.ടെക് പാസായി. 69 വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണനയിലുമാണ്.ഇതിനിടെയാണ് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ വിവാദം ഉയർത്തി സർവകലാശാലയുടെ യശസിനെയും കൈവരിച്ച നേട്ടങ്ങളെയും കളങ്കപ്പെടുത്തുന്ന സാഹചര്യമുണ്ടായത് - സർവകലാശാല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |