SignIn
Kerala Kaumudi Online
Thursday, 23 April 2026 6.45 AM IST

മായയും മർഫിയും എയ്ഞ്ചലും മണ്ണിനടിയിലെ മനുഷ്യനെ മണത്തുപിടിക്കും

Increase Font Size Decrease Font Size Print Page

dog

തിരുവനന്തപുരം: ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനാവും കേരള പൊലീസിന്റെ മായ, മർഫി, എയ്ഞ്ചൽ എന്നീ കഡാവർ നായ്ക്കൾക്ക്. തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ നിരവധി മനുഷ്യശരീര ഭാഗങ്ങളാണ് മൂന്ന് സി.ഐമാരുടെ നേതൃത്വത്തിൽ ഇവ ഇന്നലെ കണ്ടെത്തിയത്.

തിരച്ചിൽ ഇന്നും തുടരും. കൊച്ചിയിൽ നിന്നാണ് മായയെയും മർഫിയെയും എത്തിച്ചത്. ഇടുക്കിയിൽ നിന്നാണ് എയ്ഞ്ചലിനെ കൊണ്ടുവന്നത്. ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ടവയാണിവ. പരിശീലനം ലഭിച്ച കഡാവർ നായകൾക്ക്‌ 20അടിവരെ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതും 30മീറ്റർ ആഴത്തിൽ വെള്ളത്തിലുമുള്ള ശവശരീരങ്ങളുടെ ഗന്ധം ഗ്രഹിക്കാനാവും.

തെലങ്കാനയിൽ ശ്രീശൈലം ലെഫ്‌റ്റ്ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായ ടണൽ നിർമ്മിക്കവേയുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായിപ്പോയ തൊഴിലാളികളെ കണ്ടെത്താൻ മായയെയും മർഫിയെയും തെലങ്കാനയിലെത്തിച്ചിരുന്നു. പെട്ടിമുടി, കൊക്കയാർ, വയനാട് ഉരുൾപൊട്ടലുകളുണ്ടായപ്പോൾ നിരവധി മൃതദേഹങ്ങൾ ഇവ കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ സേനയ്ക്ക് പുറമെ കേരള പൊലീസിനാണ് കഡാവർനായ്ക്കളുള്ളത്. ലോക് നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ പഞ്ചാബിൽ നിന്ന് വാങ്ങി പരിശീലിപ്പിച്ചവയാണിവ. ഇലന്തൂർ നരബലിക്കേസന്വേഷണത്തിലടക്കം പൊലീസിനെ ഇവ സഹായിച്ചിട്ടുണ്ട്. 2020മുതൽ പൊലീസിലുണ്ട്. മായ ബാഡ്ജ്ഒഫ് എക്സലൻസ് നേടിയിട്ടുണ്ട്.

പൊലീസിന് ബെൽജിയം ഇനത്തിലെ 36നായ്ക്കളുണ്ട്. ഇതിൽ മായ, മർഫി, എയ്ഞ്ചൽ എന്നിവയാണ് മണ്ണിനടിയിലെ മനുഷ്യശരീരം കണ്ടെത്താൻ വൈദഗ്ദ്ധ്യമുള്ളവ. ഹ്യുമൻ റിമെയ്ൻസ് ഡിറ്റക്ഷൻ ഡോഗ്സ് എന്നാണിവയെ വിളിക്കുക. കൊലപാതകം,മോഷണം എന്നിവ തെളിയിക്കാൻ വൈദഗ്ദ്ധ്യമുള്ള 17 എണ്ണവും സ്ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള 13എണ്ണവും കൂട്ടത്തിലുണ്ട്.

300 ദശലക്ഷത്തിലേറെ

ഘ്രാണ സെൻസർ

മൂക്കിലെ 300 ദശലക്ഷത്തിലേറെ ഘ്രാണസെൻസറുകളുപയോഗിച്ചാണ് ബെൽജിയം മലിനോയിസിന്റെ മണംപിടിക്കൽ. മനുഷ്യന് ആറുദശലക്ഷം സെൻസറുകളാണുള്ളത്.

മനുഷ്യശരീരം ജീർണിക്കുമ്പോഴുണ്ടാവുന്ന 400ലേറെ രാസസംയുക്തങ്ങൾ മറവുചെയ്തിടത്ത് വർഷങ്ങളോളമുണ്ടാവും. ഇതാണ് നായ്ക്കൾ മണത്തെടുക്കുക.

ഇവയുടെ മസ്തിഷ്കത്തിന്റെ 33ശതമാനവും വിവിധതരം ഗന്ധം തിരിച്ചറിയാനുള്ളതാണ്. മനുഷ്യനിത് 5ശതമാനം മാത്രമാണ്.

കഡാവർ നായകൾ ഒരു പ്രത്യേക നായ ജനുസല്ല. നായകളെ പല കാര്യത്തിനായി പരിശീലിപ്പിച്ച് ഉപയോഗിക്കാറുണ്ട്. അതിൽപ്പെട്ട ഒന്നാണിവ.

മൃതദേഹത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ തെളിയിക്കാനാണ്‌ ഇവയെ ഉപയോഗിക്കുക.

ലാദനെയും ബാഗ്ദാദിയെയും കുരുക്കി

ബിൻലാദന്റെയും ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിയുടെയും ഒളിയിടം കണ്ടെത്തി കൊലയ്ക്ക് വഴിയൊരുക്കിയത് അമേരിക്കൻ സേനയിലെ ബെൽജിയം മലിനോയിസ് നായ്ക്കളാണ്. കുരച്ച് ബഹളമുണ്ടാക്കാതെ തലയാട്ടിയും മറ്റുമാണ് സൈനികർക്ക് വിവരം കൈമാറുക. ഏത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇണങ്ങും.

₹50,000

പൊലീസ് വാങ്ങിയ ബെൽജിയം മലിനോയിസിന്റെ വില

TAGS: POLICE DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.