
മുംബയ്: ഐപിഎൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസ് ബൗളർമാരെ നിലംപരിശാക്കി മലയാളി താരം സഞ്ജു സാംസണിന്റെ താണ്ഡവം. വെറും 54 പന്തിൽ നിന്നും പുറത്താകാതെ 101 റൺസ് നേടിയ സഞ്ജുവിന്റെ കരുത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് 200 കടന്നത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് ചെന്നൈയുടെ സ്‌കോർ.
കൃത്യമായ ഇടവേളകളിൽ ചെന്നൈയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് സഞ്ജു ഉറച്ചുനിന്നത് മുംബയ്‌യുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 54 പന്തിൽ പത്ത് ഫോറും ആറ് സിക്സറുമടിച്ചാണ് താരം ഐപിഎലിലെ തന്റെ അഞ്ചാമത്തെ സെഞ്ച്വറി കുറിച്ചത്. ഇതേ സ്റ്റേഡിയത്തിൽ വച്ചാണ് ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും താരം മിന്നും പ്രകടനം നടത്തി ഇന്ത്യയെ ഫൈനലിലെത്തിച്ചത്.
മത്സരത്തിൽ മുംബയ് ബൗളർമാർക്ക് മുന്നിൽ സിഎസ്‌കെയുടെ മുൻനിര ബാറ്റർമാർ അടിപതറിയെങ്കിലും സഞ്ജു കരുത്ത് കാട്ടി ക്രീസിൽ തന്നെ തുടർന്നു. തുടക്കത്തിൽ സഞ്ജുവും ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഓവറിൽ ഹാർദിക് പാണ്ഡ്യയെ ലക്ഷ്യമിട്ട ഋതുരാജ് ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റൺസാണ് അടിച്ചുകൂട്ടിയത്.
എന്നാൽ 14 പന്തിൽ 22 റൺസെടുത്ത ഗെയ്‌ക്‌വാദിനെ പുറത്താക്കി അല്ലാ ഗസൻഫർ മുംബയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അതിനുശേഷം എത്തിയ സർഫറാസ് ഖാനും (8 പന്തിൽ 14) നന്നായി തുടക്കം കുറിച്ചെങ്കിലും പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുൻപ് മിച്ചൽ സാന്റനറുടെ പന്തിൽ കൂടാരം കയറി. ശിവം ദുബെ (8 പന്തിൽ 5), ഡെവാൾഡ് ബ്രവിസ് (11 പന്തിൽ 21) എന്നിവരുടെ വിക്കറ്റും ചെന്നൈയ്ക്കു നഷ്ടമായി. മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും എം.എസ്. ധോണിയും ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല എന്നത് ആരാധകരെ നിരാശരാക്കി. ടോസ് നേടിയ മുംബയ് ക്യാപ്‌ടൻ ഹാർദിക് പാണ്ഡ്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |