
തൃശൂർ: മുണ്ടത്തിക്കോട്ടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഇല്ലാതെയും കുടമാറ്റം 15 മിനിട്ടുകൊണ്ട് പൂർത്തിയാക്കിയും തൃശൂർ പൂരം ആചാരങ്ങളോടെ തീർക്കാൻ തീരുമാനം.
15 സെറ്റ് കുടകളാണ് ഉയർത്താനാകുക. ഒന്നര മണിക്കൂർ കുടമാറ്റത്തിൽ 60 സെറ്റിലേറെ കുടകൾ ഒരുവിഭാഗം ഉയർത്താറുണ്ട്. വെടിക്കെട്ട് സമയത്ത് തിരുവമ്പാടി കതിന മാത്രമാകും പൊട്ടിക്കുക. പാറമേക്കാവ് കുഴിമിന്നൽ പോലുള്ളവ പൊട്ടിക്കും. വെള്ളിയാഴ്ചത്തെ സാമ്പിൾ വെടിക്കെട്ടുമുണ്ടാകില്ല. മേളങ്ങളിലോ പഞ്ചവാദ്യത്തിലോ മാറ്റമില്ല. കലാകാരന്മാരുടെ എണ്ണം കുറയ്ക്കില്ല. പറയെടുപ്പ് ഉൾപ്പെടെ എല്ലാം നടക്കും. ഘടകപൂരങ്ങളും മാറ്റമില്ലാതെയെത്തും.
ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 വീതം ആനകൾ ഇരുഭാഗത്തും അണിനിരക്കും. വെള്ളിയാഴ്ചയിലെ ചമയപ്രദർശനം ഉദ്ഘാടനപരിപാടികളില്ലാതെ നടക്കും. തിരുവമ്പാടി ചമയപ്രദർശനം ശനിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച തെളിയേണ്ട പൂരപ്പന്തലുകളിലെ ദീപാലങ്കാരം ശനിയാഴ്ചയാകും തെളിക്കുക.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി.എൻ.വാസവൻ, കെ.രാജൻ, ആർ.ബിന്ദു, എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി.ബാലചന്ദ്രൻ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |