
തൃശൂർ: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് വീട്ടിൽ സതീശൻ (46) കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഏപ്രിൽ 21നുണ്ടായ അപകടത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം. 13 വർഷമായി തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ 12 വരെ മുണ്ടത്തിക്കോട് ഡി.വി.എം.എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. പ്രിജിയാണ് ഭാര്യ. മക്കൾ: സ്‌നേഹ, നവമി. അമ്മ: കമലാക്ഷി. മുണ്ടത്തിക്കോട് ബാബു (57), രാജേഷ്, വിഷ്ണു (30) എന്നിവർ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലാണ്.
തലയോട്ടി, കൈപ്പത്തി
കണ്ടെത്തി
അപകട പ്രദേശത്ത് ഇന്നലെ പൊലീസ്, ഫയർ ഫോഴ്‌സ്, റവന്യൂ വകുപ്പുകൾ നടത്തിയ തെരച്ചിലിൽ ഒരു കൈപ്പത്തിയും തലയോട്ടിയുടെ ഭാഗവും കണ്ടെത്തി. കഡാവർ നായകളെ എത്തിച്ച് നടത്തിയ തെരച്ചിൽ നിറുത്തിയിരുന്നു. എന്നാൽ, മാംസാവശിഷ്ടങ്ങൾ കാക്കയും മറ്റും കൊത്തിവലിച്ച് കിണറിൽ തള്ളുന്നുവെന്ന പരാതിയെ തുടർന്നാണ് വീണ്ടും തെരച്ചിലിന് തയ്യാറായത്. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് വൈകിട്ട് വന്നേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |