
തിരുവനന്തപുരം: ശ്രീനാരായണ ദർശനം ജീവിതത്തിൽ ആവാഹിച്ച് ഒരു മനുഷ്യായുസ് മുഴുവൻ സമൂഹത്തിനു വഴിവിളക്കായി മാറിയ ജീവിതത്തിനു പരിസമാപ്തി. ഋഷിവര്യനും നാരായണ ഗുരുകുലം അദ്ധ്യക്ഷനുമായ ഗുരു മുനി നാരായണ പ്രസാദ് (87) സമാധിയായി.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 3.55ഓടെയായിരുന്നു സമാധി. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. സമാധിയിരുത്തൽ ചടങ്ങുകൾ ഇന്നലെ വൈകിട്ട് 5.30ന് വർക്കല ഗുരുനാരായണ ഗിരിയിലെ ബ്രഹ്മവിദ്യാലയത്തിനു സമീപം നടന്നു.
രാവിലെ 11 മുതൽ വർക്കല ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന പൊതുദർശനത്തിൽ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. വൈകിട്ട് 4.45ഓടെ ഭൗതികശരീരം ഗുരുകുലത്തിൽ നിന്ന് ആംബുലൻസിൽ കയറ്റി. മുനി നാരായണ പ്രസാദ് അറിവു പകർന്നു നൽകിയവരും അദ്ദേഹത്തെ കണ്ടും കേട്ടും അറിഞ്ഞവരുമായ നൂറുകണക്കിനാളുകൾ ശ്രീനാരായണ ശ്ലോകങ്ങളുമായി ആംബുലൻസിനൊപ്പം നടന്നു.
ബ്രഹ്മവിദ്യാലയത്തിലെത്തി നടരാജഗുരുവിന്റ സമാധിയെ വലംവച്ചു. തുടർന്ന് സമാധിയിൽ നിന്ന് കൊണ്ടുവന്ന ദീപം ഉഴിഞ്ഞ് ഭസ്മം മുനിയുടെ നെറ്റിയിൽ തൊട്ടു. പിന്നാലെ ഭൗതികദേഹം സമാധി സ്ഥലത്തെത്തിച്ചു. മുനി നാരായണ പ്രസാദ് ഗുരുകുലത്തിലെത്തിയ ആദ്യ നാളുകളിൽ താമസിച്ചിരുന്ന സ്ഥലത്താണ് സമാധിയിരുത്തിയത്. സംസ്ഥാന സർക്കാരിനുവേണ്ടി പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ, സ്വാമി മന്ത്ര ചൈതന്യ, ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
122 കൃതികൾ രചിച്ചു
1938 ഡിസംബർ 9ന് തിരുവനന്തപുരത്ത് ആറ്റിങ്ങലിനടുത്തെ നഗരൂരിൽ സ്‌കൂൾ അദ്ധ്യാപകൻ ജി.മാധവന്റെയും നാരായണിയുടെയും മകനായാണ് ജനനം. ഗുരുദേവന്റെ സമ്പൂർണ കൃതികൾക്കും പത്ത് ഉപനിഷത്തുക്കൾക്കും വ്യാഖ്യാനം ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി 122 കൃതികൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ആത്മായനത്തിനു 2018ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |