
പാലക്കാട്: കനത്ത ചൂടിനെത്തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഗ്ലാസാണ് തകർന്നത്. കടുത്ത ചൂടിൽ ഗ്ലാസുകൾ പൊട്ടിവീഴുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ജഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂടിന് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖല ഒഴികെ എല്ലായിടത്തും അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്ക് സാദ്ധ്യയതയുണ്ട്. ഞായറാഴ്‌ച വരെ ഈ അവസ്ഥ തുടരും.
ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ 11 മണി മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേക ശ്രദ്ധപാലിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |