
ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി മരവിപ്പിക്കണമെന്ന മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഹർജി സുപ്രീംകോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി വിധിച്ച മൂന്നുവർഷം തടവുശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്രേ ചെയ്തിരുന്നില്ല. തുടർന്ന് ആന്റണി രാജു കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനൂകൂല വിധി ലഭിക്കാത്തതിനാൽ പരമോന്നത കോടതിയിൽ ഹർജി നൽകുകയായിരുന്നു. എന്നാൽ ഇടപടാൻ തക്ക കാരണങ്ങളില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കോടതി ഉത്തരവില്ലാതെയാണ് തൊണ്ടിമുതലായ അടിവസ്ത്രം ആന്റണി രാജുവിന് കൈമാറിയിരുന്നതെന്നും മൂന്നുമാസത്തിലധികം കൈവശംവച്ചശേഷമാണ് തിരികെ നൽകിയതെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതടക്കം തനിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന് മുൻ ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, അപ്പീൽ കേൾക്കുമ്പോൾ ഈ പരാമർശങ്ങൾ ബാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തത വരുത്തിയിട്ടുള്ളത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസിൽ ഓസ്ട്രേലിയൻ സ്വദേശിയെ രക്ഷിക്കാൻ, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |