
വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തിൽ മലയാളികൾ ജീവിതചര്യയുടെ ഭാഗമായിത്തന്നെ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ഇങ്ങനെ നോക്കുമ്പോൾ രോഗബാധിതരുടെ എണ്ണം കുറഞ്ഞ സംസ്ഥാനമായി മാറേണ്ടതാണെങ്കിലും കേരളത്തിലെ സ്ഥിതി വിപരീതമാണ്. കേരളത്തിൽ ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. മലയാളികളെ ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണ് ക്യാൻസർ. കേരളത്തിൽ ഓരോ വർഷവും ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ്. മാറിയ ജീവിതശൈലി ഇതിന് പ്രധാന കാരണങ്ങളിലൊന്നാണ്. ഭക്ഷണം, കാലാവസ്ഥ തുടങ്ങി പലഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴിതാ നമ്മൾ ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന് കരുതി കഴിച്ചുകൊണ്ടിരിക്കുന്ന പഴങ്ങളും പച്ചക്കറികളും പോലും ക്യാൻസറിന് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ വിചിത്രമായി തോന്നുന്നുണ്ടല്ലേ?
പച്ചക്കറി ക്യാൻസറിന് കാരണമോ?
സസ്യാഹാരങ്ങൾ മാത്രം കഴിക്കുന്നവർക്ക് ഹൃദ്‌രോഗം, പക്ഷാഘാതം തുടങ്ങി മറ്റ് രോഗങ്ങൾ ബാധിക്കുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നവർ പുകവലിച്ചാൽ പോലും ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ വരാനുള്ള സാദ്ധ്യത കുറവാണെന്ന് മുമ്പൊരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
ഇതൊരു പഠനത്തിൽ കണ്ടെത്തിയതല്ല, മറിച്ച് ശ്വാസകോശ അർബുദരോഗികളായ 187 യുവാക്കളിൽ നടത്തിയ ശാസ്‌ത്രീയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതിൽ ഭൂരിഭാഗംപേരും പുകവലിക്കാത്തവരാണ്. ഇവരുടെ ഭക്ഷണക്രമം ചോദിച്ചറിഞ്ഞപ്പോൾ, ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നവരാണെന്ന് കണ്ടെത്തി. സത്യത്തിൽ നമ്മളിൽ ഭൂരിഭാഗംപേരും ആരോഗ്യകരമെന്ന് കരുതി പിന്തുടരുന്ന ഭക്ഷണക്രമമായിരുന്നു ഇവരുടേത്. ഈ പഴങ്ങളിലും പച്ചക്കറികളിലും നിന്നുള്ള കീടനാശിനികളുടെ അംശമാണ് യുവാക്കളുടെ ശ്വാസകോശത്തിൽ രോഗമുണ്ടാകാൻ കാരണമെന്ന് കണ്ടെത്തി.
പഠനം
വർഷങ്ങൾ നീളുന്ന പഠനങ്ങൾ നടത്തിയാൽ മാത്രമേ ഈ വിഷയത്തിൽ സ്ഥിരീകരണം നടത്താനാകൂ. സ്ഥിരമായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരിൽ രോഗം സ്ഥിരീകരിക്കുന്നുണ്ടോ, പച്ചക്കറികൾ കഴിക്കാത്തവരുടെ ശരീരത്തിൽ വ്യത്യസ്‌തമായ എന്തെല്ലാം കാര്യങ്ങളാണുള്ളതെന്നും താരതമ്യം ചെയ്‌തുള്ള പഠനങ്ങൾ ഉണ്ടായേക്കാം. ഇത് ഈ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ സഹായിക്കും.

ശാസ്‌ത്രജ്ഞർക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാൻ കാരണം മറ്റൊരു വിഭാഗമാണ്. പച്ചക്കറി കഴിക്കുന്നവരിൽ ആരോഗ്യമുള്ള ഒരു വിഭാഗവുമുണ്ട്. അതിനാൽ, മദ്യപാനം, വ്യായാമം, താമസിക്കുന്ന സ്ഥലം, ജോലി, മുമ്പ് ബാധിച്ചിട്ടുള്ള അസുഖങ്ങൾ എന്നിവയെല്ലാം വിലയിരുത്തി വേണം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ.
കീടനാശിനികൾ
പരമ്പരാഗതമായി വളർത്തുന്ന പച്ചക്കറികളിൽ ധാരാളമായി കീടനാശിനികളുടെ അംശം കണ്ടുവരുന്നുണ്ട്. ഇവ കഴിക്കുമ്പോൾ അതിന്റെ ഒരംശം നമ്മുടെ ശരീരത്തിലും എത്തിച്ചേരുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ മൂത്രത്തിൽ കീടനാശിനിയും സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കീടനാശിനികൾ പതിവായി കൈകാര്യം ചെയ്യുന്ന കർഷകർക്കും ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നുണ്ട്.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും പൂർണമായി ഒഴിവാക്കണമെന്നല്ല ഈ റിപ്പോർട്ട് പറയുന്നത്. കീടനാശിനികൾ ഉപയോഗിക്കാത്ത പച്ചക്കറികൾ കഴിക്കുന്നത് സുരക്ഷിതമാണ്. കഴിയുമെങ്കിൽ ജൈവ പച്ചക്കറികൾ തന്നെ നോക്കി വാങ്ങാൻ ശ്രമിക്കുക.
കേരളത്തിലെ രോഗികൾ
ക്യാൻസർ രോഗികളുടെ എണ്ണത്തിൽ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 54 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2024 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഓരോ വർഷവും ആയിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. കേരളത്തിൽ ഒരുലക്ഷം പേരിൽ 173 പേർ ക്യാൻസർ ബാധിതരാണ്. ദേശീയ ശരാശരി 98.5ൽ നിൽക്കുമ്പോഴാണിത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ രോഗബാധിതരാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |