SignIn
Kerala Kaumudi Online
Thursday, 30 April 2026 2.59 PM IST

കാട്ടായിക്കോണം സദാനന്ദൻ: ജ്വലിക്കുന്ന വിപ്ളവ നക്ഷത്രം

Increase Font Size Decrease Font Size Print Page
sadha

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന കാട്ടായിക്കോണം എം.കെ.സദാനന്ദൻ അന്തരിച്ചിട്ട് മേയ് 2ന് 22 വർഷം തികയുന്നു. 1924 ഒക്ടോബർ 22ന് കാട്ടായിക്കോണത്തിനടുത്ത് ശാസ്തവട്ടത്തുള്ള വള്ളത്തല വീട്ടിൽ എം.കൃഷ്ണന്റെയും പി.ലക്ഷ്മിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ പൊതുപ്രവർത്തന രംഗത്തെത്തി. 1937ലെ ഉത്തരവാദ പ്രക്ഷോഭത്തിലൂടെയും 1938ലെ സ്റ്റേറ്റ് കോൺഗ്രസിലെ നിയമലംഘന പ്രസ്ഥാനത്തിലൂടെയും ആയിരുന്നു തുടക്കം. 1942ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ സന്നദ്ധ ഭടനായി.

തിരുവനന്തപുരം ജില്ലയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ബ്രാഞ്ച് രൂപീകരിച്ചത് കാട്ടായിക്കോണത്താണ്. വി.ശ്രീധറും സദാനന്ദനുമായിരുന്നു സംഘാടകർ. സി.പിക്കെതിരെ പ്രസംഗിച്ച കുറ്റത്തിന് ജയിലിലായി. പാർട്ടി കെട്ടിപ്പടുക്കുന്നതിനും കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയതിന് പൊലീസിന്റെയും മുതലാളിമാരുടെ ഗുണ്ടകളുടെയും ക്രൂരമായ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. തെക്കൻ തിരുവിതാംകൂറിലെ ആദ്യത്തെ കയർ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായിരുന്നു.

കാർഷിക- സഹകരണ മേഖലകളിലെ മികച്ച സഹകാരിയായിരുന്നു. ആധുനിക കൃഷിരീതികൾ പരീക്ഷിച്ച് മികച്ച കർഷകനുള്ള സർക്കാരിന്റെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ആർഭാടങ്ങൾക്ക് എന്നും എതിരായിരുന്നു. ജീവിതാന്ത്യം വരെ ലളിത ജീവിതമാണ് നയിച്ചത്. 65 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ 6 വർഷം ജയിലിലും രണ്ടരവർഷം ഒളിവ് ജീവിതവും അനുഭവിച്ചു.

സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ അംഗമായും കയർത്തൊഴിലാളി യൂണിയന്റെ ജില്ലാപ്രസിഡന്റ്, കിസാൻ സഭയുടെ ജില്ലാപ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. 1953 മുതൽ 63വരെ കഴക്കൂട്ടം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 1965ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽനിന്നും സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. 1991ൽ ജില്ലാ കൗൺസിലിൽ മത്സരിച്ചു ജയിച്ച് പ്രസിഡന്റായി.

കേന്ദ്ര ഗവൺമെന്റ് സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്. ഒരു പുരുഷായുസ് മുഴുവനും രാഷ്ട്രീയ പൊതുപ്രവർത്തനരംഗത്ത് സംശുദ്ധമായ പ്രവർത്തനം നടത്തി എല്ലാ ജനവിഭാഗത്തിൽപ്പെട്ടവരും സഖാവ് എന്നുമാത്രം സ്നേഹ ബഹുമാനത്തോടെ വിളിച്ചിരുന്ന കാട്ടായിക്കോണം സദാനന്ദൻ 2004 മേയ് 2ന്,​ 81-ാമത്തെ വയസിലാണ് നമ്മെ വിട്ടുപോയത്.

(ലേഖകന്റെ സഹോദരീഭർത്താവാണ് കാട്ടായിക്കോണം സദാനന്ദൻ)

ഫോൺ: 9895234699.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.