
വാണിജ്യപരമായ നേട്ടങ്ങൾക്കപ്പുറം രണ്ട് വലിയ ജനാധിപത്യപരമായ രാജ്യങ്ങൾ തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ തുടക്കത്തിന് അടിത്തറയിട്ടതുകൂടിയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ. ദശാബ്ദങ്ങളായി തുടരുന്ന നയതന്ത്ര ബന്ധത്തെ കെട്ടുറപ്പുള്ള സാമ്പത്തിക പങ്കാളിത്തമാക്കി മാറ്റാൻ ഈ കരാർ ഉപകരിക്കുമെന്ന് കരുതാം. 2025 മാർച്ചിൽ ആരംഭിച്ച ചർച്ചകൾ ഒരു വർഷത്തിനിടയിൽ വിപുലമായ ഒരു വാണിജ്യ കരാറായി മാറി എന്നാണിതിന്റെ എടുത്തുപറയത്തക്ക സവിശേഷത. സാധാരണഗതിയിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന സങ്കീർണമായ ചർച്ചകൾക്ക് ശേഷമാണ് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരാറുള്ളത്. ഇവിടെ അത് വേണ്ടിവന്നില്ല എന്നത് ഇരുരാജ്യങ്ങളിലെയും സുശക്തമായ ഭരണകൂടങ്ങളുടെ പരസ്പര വിശ്വാസത്തെയാണ് എടുത്തുകാണിക്കുന്നത്.
ഇന്ത്യൻ ഐ.ടി വിദഗ്ദ്ധർക്ക് ന്യൂസിലൻഡിലെ സാങ്കേതിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്നതാണ് കരാർ. അതുപോലെ ന്യൂസിലൻഡിലെ ആരോഗ്യ പരിചരണ രംഗത്ത് നിലവിലുള്ള തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതുവഴി മലയാളികളായ നിരവധി നഴ്‌സുമാർക്ക് അവിടെ ജോലി ലഭിക്കാൻ കരാർ അവസരമൊരുക്കും. കുടിയേറ്റ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതു വഴി സേവന കയറ്റുമതി മേഖലയിൽ വലിയ മുന്നേറ്റമാകും ഇന്ത്യയ്ക്ക് ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ന്യൂസിലൻഡിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 32.1 ശതമാനം വർദ്ധിച്ച് 711.3 ദശലക്ഷം ഡോളറിലെത്തിയിരുന്നു. ഈ കരാറിലൂടെ ന്യൂസിലൻഡ് തങ്ങളുടെ വിപണിയിലെ ഇറക്കുമതി തീരുവകൾ പൂർണമായും ഒഴിവാക്കുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ലാഭകരമായ വലിയ അവസരമാകും പ്രദാനം ചെയ്യുന്നത്. തോന്നിയപടി തീരുവ നിശ്ചയിക്കുന്നതിലൂടെ അമേരിക്ക ആഗോള വ്യാപാര രംഗങ്ങളിൽ സൃഷ്ടിച്ച അസ്ഥിരതയ്ക്ക് തിരിച്ചടി നൽകുന്നതു കൂടിയാണ് ഇന്ത്യ- ന്യൂസിലൻഡ് കരാർ.
അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് ന്യൂസിലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികൾക്ക് വലിയ ഉൗർജ്ജം പകരാൻ ഈ നിക്ഷേപങ്ങൾ ഇടവരുത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതിലൂടെ നിരവധി തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുമെന്നതും വലിയ നേട്ടമായി വിലയിരുത്തപ്പെടണം.
ചെറുകിട ഇടത്തരം സംരംഭകർക്ക് കരാറിൽ മുന്തിയ പരിഗണന നൽകിയിട്ടുള്ളതിന്റെ ഭാഗമായി നമ്മുടെ ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകർക്കും കരകൗശല തൊഴിലാളികൾക്കും അവരുടെ ഉത്‌പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ വഴി തുറക്കുന്നതു കൂടിയാണ് ഈ കരാർ. ഇടനിലക്കാരെ ഒഴിവാക്കിയിട്ടുള്ളതിനാൽ ചെറുകിട സംരംഭകർക്ക് മികച്ച വില ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുമാകും.
ചരക്ക് വിനിമയത്തിൽ മാത്രമല്ല ഈ കരാറിന്റെ ഉൗന്നൽ. ഇന്ത്യയിലെ വിദഗ്ദ്ധ തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ അവസരങ്ങളാവും ന്യൂസിലൻഡിൽ തുറന്നുകിട്ടുക. ന്യൂസിലൻഡിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠന ശേഷമുള്ള തൊഴിൽ വിസകൾ എളുപ്പത്തിൽ ലഭിക്കാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാണ്. ഇന്ത്യയിൽ നിന്ന് വിദേശ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഏറ്റവും കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിനെ സംബന്ധിച്ചിടത്തോളം ഈ കരാറിന് വലിയ പ്രാധാന്യമാണുള്ളത്. പ്രതിരോധ രംഗത്തും ഇന്തോ- പസഫിക് മേഖലയിലും കൂടുതൽ സഹകരണം ഉറപ്പാക്കുന്നതാണ് കരാർ. കായിക വിനോദത്തെ ഒരു വ്യവസായമായി വളർത്തുന്നതിനും ഈ കരാർ ഉൗന്നൽ നൽകുന്നുണ്ട്.
ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ വർഷം തന്നെ കരാർ പ്രാബല്യത്തിൽ വന്നേക്കും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ നമ്മുടെ രാജ്യത്തിന് ഗതിവേഗം പകരാൻ ഇത്തരം കരാറുകൾ അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |