SignIn
Kerala Kaumudi Online
Thursday, 30 April 2026 2.59 PM IST

ബഹുഭാര്യാത്വ നിരോധന നിയമം അത്യാവശ്യം

Increase Font Size Decrease Font Size Print Page
a

ഇക്കഴിഞ്ഞ നവംബർ മാസത്തിൽ അസാം നിയമസഭ പാസാക്കിയ സ്‌തുത്യർഹവും പ്രാധാന്യമർഹിക്കുന്നതുമായ നിയമമാണ് ബഹുഭാര്യാ വിരുദ്ധ നിയമം. അതായത് ബഹുഭാര്യാത്വം (Polygamy) നിരോധിച്ചുകൊണ്ടുള്ള നിയമം. ഇതനുസരിച്ച് ബഹുഭാര്യാത്വം ശിക്ഷാർഹമായ കുറ്റമാണ്. ബഹുഭാര്യാത്വം എന്നാൽ,​ ആദ്യ വിവാഹം നിയമപ്രകാരം വേർപെടുത്താതെ രണ്ടാമതൊരു വിവാഹബന്ധത്തിൽ ഏർപ്പെടുക അല്ലെങ്കിൽ ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് അർത്ഥമാക്കുന്നത്.

ബഹുഭാര്യാത്വ കുറ്റം തെളിഞ്ഞാൽ ഏഴുവർഷംവരെ ജയിൽ ശിക്ഷയും വൻപിഴയും കുറ്റക്കാർക്ക് ലഭിക്കത്തക്ക വിധത്തിലാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിലവിലെ വിവാഹം രഹസ്യമായിവച്ച് മറ്റൊരു വിവാഹം ചെയ്താൽ പത്തുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഇരട്ടി ശിക്ഷ. വിവാഹത്തിന്റെ കാർമ്മികത്വം വഹിക്കുന്ന സന്യാസിമാർ, പുരോഹിതന്മാർ, വധൂവരന്മാരുടെ മാതാപിതാക്കൾ അല്ലെങ്കിൽ നിയമപ്രകാരമുള്ള രക്ഷിതാക്കൾ തുടങ്ങിയവർ ഇത്തരം വസ്‌തുത മറച്ചുവയ്‌ക്കുകയോ,​ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താൽ അവർക്ക് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം.

ബഹുഭാര്യാത്വ വിരുദ്ധ നിയമത്തിന്റെ മറ്റൊരു സവിശേഷത ഇതുപ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് സർക്കാർ ധനസഹായത്തോടെയുള്ള ഒരു ജോലിക്കും അർഹതയില്ലാതെയാകുന്നു എന്നുള്ളതാണ്. സർക്കാർ സഹായത്തോടെയുള്ള പദ്ധതികളുടെ ആനുകൂല്യവും ലഭിക്കില്ല. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അർഹതയും ഇല്ലാതാവും. ബഹുഭാര്യാത്വ സമ്പ്രദായത്തിൽ സ്‌ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംയാതനകളും ക്രൂരതകളും വേദനകളും എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അസാം സർക്കാർ പുരോഗമനപരമായ നിയമം കൊണ്ടുവന്നത്.

വിശുദ്ധവും ദൈവീകവുമായ ബന്ധമായിട്ടാണ് നമ്മുടെ രാജ്യത്ത് വിവാഹം സങ്കൽപ്പിക്കപ്പെടുന്നത്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാണ്. സമൂഹമെന്ന സംവിധാനത്തിന്റെ നിലനിൽപ്പ് വിവാഹ ബന്ധങ്ങളിലൂടെയാണ് നിറവേറ്റുന്നത്.

ഭർത്താവ്, ഭാര്യ, കുട്ടികൾ. ഇതാണ് ഭാരതീയ കുടുംബ സങ്കൽപ്പം. ഭാരതീയ ജീവിതത്തിന്റെ ചൈതന്യം തന്നെ കുടുംബ ജീവിതമാണ്.

പഴയകാലത്ത് നമ്മുടെ രാജ്യത്ത് ബഹുഭാര്യാത്വവും ബഹുഭർതൃത്വവും നിരോധിച്ചിട്ടില്ലായിരുന്നു. ഇതിഹാസ കാലഘട്ടങ്ങളിൽ ബഹുഭാര്യാത്വം സർവസാധാരണമായിരുന്നു. ബഹുഭർതൃത്വവും സാധാരണമായിരുന്നു. ഇന്ന് കാലം ഏറെമാറി. സ്‌ത്രീ- പുരുഷ സമത്വത്തിനു വേണ്ടിയുള്ള മുറവിളി ദിനംപ്രതി വർദ്ധിച്ചുവരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സ്‌ത്രീകൾ സമൂഹത്തിൽ ഇന്നനുഭവിക്കുന്ന യാതനകൾക്കും കഷ്ടപ്പാടുകൾക്കും അറുതിയില്ലാത്ത അവസ്ഥയാണ്.

സ്‌ത്രീപീഡനങ്ങൾക്കെതിരെയുള്ള ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും വിവിധ രൂപത്തിൽ, വിവിധ ഭാവത്തിൽ അത് വർദ്ധിച്ചുവരുന്നതായിട്ടാണ് അനുഭവം. ഏറ്റവും കഠിനമായ സ്ത്രീപീഡനങ്ങളിൽ ഒന്നാണ് ബഹുഭാര്യാത്വം. പല ഭാര്യമാരിൽ ഒരാൾ ആവുക- അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്ന സ്‌ത്രീകൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും അറുതിയില്ലാത്തതാണ്. ഒരു പുരുഷന്റെ പല ഭാര്യമാരിൽ ഒരാളായി ജീവിക്കുക എന്നത് സാധാരണ സ്‌ത്രീയെ സംബന്ധിച്ചിടത്തോളം തീരാദുഃഖവും കടുത്ത മാനസിക സംഘർഷങ്ങൾ ഉളവാക്കുന്നതുമാണ്.

അസാമിനെ മാതൃകയാക്കാം

ബഹുഭാര്യാത്വം സമൂഹത്തിൽ അസ്വസ്ഥതയും അസന്തുഷ്ടിയും ഉണ്ടാക്കുന്നതോടൊപ്പം അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ബഹുഭാര്യാത്വം നിലനിൽക്കുന്നത് നാടിനു ഗുണകരമല്ല. അത് ആപത്താണ്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലും ബഹുഭാര്യാത്വ സമ്പ്രദായം നിയമംകൊണ്ട് തടയേണ്ടതാണ്. അസാമിലെ ബഹുഭാര്യത്വ നിരോധന നിയമം നമ്മുടെ നാട്ടിലും മാതൃകയാക്കാവുന്നതാണ്. അധികാരത്തിൽ വരാൻ പോകുന്ന സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.