
മുംബയ്: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന മുംബയ്ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുന്‍ ചാമ്പ്യന്‍മാര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് പടുത്തുയര്‍ത്തി. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ റയാന്‍ റിക്കിള്‍ടണ്‍ 123*(55) ആണ് മുംബയുടെ ടോപ് സ്‌കോറര്‍. 44 പന്തുകളില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. 10 ബൗണ്ടറികളും 8 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഇന്നിംഗ്‌സ്.
ടീമിലേക്ക് മടങ്ങിയെത്തിയ വില്‍ ജാക്‌സ് 46(22) - റയാന്‍ റിക്കിള്‍ടണ്‍ സഖ്യം മികച്ച തുടക്കമാണ് മുംബയ്ക്ക് നല്‍കിയത്. 43 പന്തുകളില്‍ 93 റണ്‍സാണ് സഖ്യം അടിച്ചെടുത്തത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ വില്‍ ജാക്‌സ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി. നാലാമനായി വന്ന നമന്‍ ധീര്‍ 22(17) റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 31(15) റണ്‍സും നേടി.
തിലക് വര്‍മ്മ 7(5) റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി. റോബിന്‍ മിന്‍സ് പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി പ്രഫുല്‍ ഹിംഗെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |