
കുണ്ടറ: തണ്ണിക്കോട് മൈൻസിലെ വെള്ളക്കെട്ടിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ജൽപായ്ഗുരി ജില്ലയിലെ സാൽബാരി മാതാചുൽക്ക സ്വദേശി രഞ്ജിത് ഖേരിയ (33) ആണ് മരിച്ചത്. സെറാമിക്സിനായി ചെളിമണ്ണെടുത്ത ഭാഗത്തെ വെള്ളക്കെട്ടിലായിരുന്നു മൃതദേഹം.
കഴിഞ്ഞദിവസം ഇവിടെ എന്തോ പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ചാക്കുകെട്ടാണെന്നാണ് കരുതിയത്. ഇന്നലെ രാവിലെ കരയോട് അടുത്തപ്പോഴാണ് മനുഷ്യശരീരമാണെന്ന് തിരിച്ചറിഞ്ഞത്. മഞ്ഞ ഫുൾ സ്ലീവ് ടി ഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ജോലി അന്വേഷിച്ച് സമീപത്തെ കട്ട കമ്പനിയിലെ സുഹൃത്തുക്കളെ കാണാൻ രഞ്ജിത് എത്തിയതായി പറയപ്പെടുന്നു.
നാട്ടുകാരും സാമൂഹ്യപ്രവർത്തകരും വിവരമറിയിച്ചതിനെത്തുടർന്ന് കുണ്ടറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പാരിപ്പളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പശ്ചിമ ബംഗാളിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |