ചങ്ങനാശേരി: ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്തായാലും ശരിദൂരമാണ് ശരിയെന്ന് വരുംകാലം തെളിയിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ സംശയമില്ല. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ അല്ല, സാമൂഹികനീതിക്കായിരിക്കും പ്രാധാന്യം. വിശ്വാസ സംരക്ഷണത്തിനും മുന്നാക്കവിഭാഗങ്ങൾക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് ഉപതിരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറഞ്ഞത്.
എൻ.എസ്.എസ് സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് പോകാൻ കാരണം വിശ്വാസ സംരക്ഷണമാണ്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂല നടപടികൾ സ്വീകരിച്ചില്ല. സംസ്ഥാനസർക്കാർ, ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊണ്ടു. നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തി. ജാതി-മതചിന്തകൾ ഉണർത്തി മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം സർക്കാർ തടഞ്ഞുവച്ച കാര്യം അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും വ്യക്തമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുന്നാക്കവിഭാഗം ഒഴിച്ചുള്ള മറ്റു വിഭാഗങ്ങളിൽ എത്ര ജാതി ഉണ്ട് എന്നതിന്റെ വ്യക്തമായ സ്ഥിതിവിവരക്കണക്ക് സർക്കാരിന്റെ പക്കലുണ്ട്. മുന്നാക്കവിഭാഗത്തിൽ എത്ര ജാതി ഉണ്ടെന്ന കണക്ക് ആദ്യത്തെ മുന്നാക്കസമുദായ സ്ഥിരംകമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്നേവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. ദേവസ്വംബോർഡിലെ പത്ത് ശതമാനം മുന്നാക്കസംവരണവും, കേന്ദ്ര ഗവൺമെന്റ് അനുവദിച്ച പത്ത് ശതമാനം സംവരണവും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാർ നടത്തുന്നത്. മുന്നാക്കം എന്നാൽ നായർസമുദായം മാത്രമല്ല, 167 ജാതികൾ ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അവരോടു സർക്കാർ കാണിക്കുന്ന അനീതിക്ക് എതിരെയാണ് എൻ.എസ്.എസ് പ്രതികരിക്കുന്നത്. ഈ എതിർപ്പ് സംസ്ഥാനസർക്കാരിനെ സമ്മർദ്ദത്തിലാക്കി അനർഹമായി എന്തെങ്കിലും നേടാനല്ല.
ശരിദൂരമാണെങ്കിലും എൻ.എസ്.എസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയമായി അവർക്കിഷ്ടമുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവർ, അവരവരുടെ അഭിപ്രായമനുസരിച്ചുള്ള പ്രവർത്തനം നടത്തി. ഇതിനെ ചിലർ കാര്യമറിയാതെ വിമർശിച്ചപ്പോൾ അത് ഏറ്റെടുത്ത് ഒരു കൂട്ടർ എൻ.എസ്.എസിനെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തി. ഉപതിരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ് സാമുദായികമായ സ്വാധീനം ഉപയോഗിച്ച് യു.ഡി.എഫിന് വേണ്ടി വോട്ടുപിടിച്ചെന്നുള്ള അവരുടെ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ജി. സുകുമാരൻനായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |