
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്യൂഷൻ സെന്ററിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്‌ക്ക് നൽകണം. പിഴത്തുക ഒടുക്കിയില്ലെങ്കിൽ 7 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക അപര്യാപ്‌തമായതിനാൽ മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച പ്രതി കള്ളിക്കാട്ട് സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുകയായിരുന്നു.
2024ൽ പ്ലസ് ടു സേ പരീക്ഷ പരിശീലനത്തിനെത്തിയ കുട്ടിയെ പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി മറ്റു കുട്ടികളെയും ഉപദ്രവിച്ചതായി കുട്ടി കോടതിയിൽ മൊഴി നൽകി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. നെയ്യാർ ഡാം എസ്.എച്ച്.ഒ രജീഷ് കുമാർ, എസ്.ഐ സജി.ജി.എസ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |